നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തി ലോക്ക് ചെയ്ത് പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപ് എല്ലായ്പ്പോഴും പിൻ സീറ്റുകൾ രണ്ടുതവണ പരിശോധിക്കണമെന്നും ദുബായ് പോലീസ് പറഞ്ഞു.
രണ്ട് വയസുകാരനെ കാറിന്റെ സീറ്റിലിരുത്തി പുറത്തിറങ്ങിയ അമ്മ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ കാര്‍ തുറക്കാനാവാതെ വന്നതും ഇത്തരത്തിൽ ഉണ്ടായ ഒട്ടനവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പെട്ടെന്ന് തിരികെ വരാം എന്ന് കരുതി കുഞ്ഞിനെ കാറില്‍ തന്നെ ഇരുത്തിപോയതായിരുന്നു അമ്മ. ഒടുവിൽ പോലീസ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്.
കാറിനുള്ളില്‍ കുട്ടി അകപ്പെട്ട് പോയിരുന്നെങ്കില്‍ ശ്വാസതടസം നേരിട്ട് ഒരുപക്ഷേ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങുമ്പോഴും ഷോപ്പിങിന് പോകുമ്പോഴും വീടുകളിലെത്തി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഡോറുകള്‍ ലോക്ക് ചെയ്യുന്നതിന് മുമ്പ് കുട്ടികള്‍ പുറത്തിറങ്ങിയെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികളെ ശ്രദ്ധിക്കാതെ വാഹനങ്ങളില്‍ ഇരുത്തുന്നത് യുഎഇയില്‍ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.