ഷാർജയിൽ ഇന്നലെ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് അറബ് യുവാക്കൾ മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ 2.45 ന് ആണ് ഷാർജ പോലീസ് ഓപ്പറേഷൻസ് റൂമിൽ അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. അൽ ലയ്യയിലേക്ക് പോകുകയായിരുന്ന ഇവർ അമിത വേഗത കാരണം ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കാർ ബാരിയറിൽ ഇടിച്ച് സൂഖ് അൽ ജുബൈലിന് പിന്നിലെ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു.
കാറിൻ്റെ ഡോർ തുറക്കാനാകാതെ ശ്വാസം മുട്ടി മൂന്ന് യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലാമത്തെ യാത്രക്കാരനെ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെ മരണത്തിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു.
ഇരുപത് വയസ്സുള്ള മൂന്ന് സിറിയക്കാരും ഒരു ഈജിപ്തുകാരനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
ഷാർജ പോലീസ് ജനറൽ കമാൻഡ് അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും, റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പോസ്റ്റുചെയ്‌ത വേഗപരിധികളും ട്രാഫിക് നിയന്ത്രണങ്ങളും പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.