യുഎഇയിൽ കാണാതാകപ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം കരുംകുളം പുതിയതുറയിൽ (അഴങ്കൽ പുരയിടം) സെബാസ്റ്റ്യൻ മകൻ ഡിക്സൺ സെബാസ്റ്റ്യനെയാണ് ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ്സായിരുന്നു. ഏറെ നാളുകളായി കാണാതായിരുന്ന ഡിക്സണെ ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ സബീൽ ഭാഗത്ത് പാലത്തിൽ നിന്ന് ചാടി മരിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
യുഎഇയിലെ ടൈം മേക്കേഴ്സ് ഇലക്ട്രോണിക്സ് എന്ന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
നേരത്തെ ഈ യുവാവ് കമ്പനിയിൽ നിന്ന് മാറിനിന്ന സാഹചര്യം ഉണ്ടായപ്പോൾ കമ്പനി അബ്സ്കോണ്ടിങ് കേസ് ഫയൽ ചെയ്തിരുന്നു.
നിയമപ്രകാരം അബ്സ് കോണ്ടിങ് കേസ് ഫയൽ ചെയ്താൽ യുവാവിന്റെ ഉത്തരവാദിത്തം കമ്പനി ഏൽക്കേണ്ടതില്ല.
എന്നിരുന്നാലും ഈ യുവാവ് ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജ്മെന്റ് മരണവിവരം അറിഞ്ഞ് ഇടപെടുകയും യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.