ദുബായ് അൽ ഖൈൽ റോഡ് വികസന പദ്ധതി യുടെ ഭാഗമായി
ജബൽ അലിയുടെ ദിശയിൽ അൽ ഖൈൽ റോഡിലെ സബീലിലും അൽ ഖൂസ് 1 ലും രണ്ട് പ്രധാന പാലങ്ങൾ തുറന്നു. 1,350 മീറ്റർ നീളത്തിൽ പൂർത്തിയാക്കിയ ഈ പാലങ്ങൾക്ക് മണിക്കൂറിൽ 8,000 വാഹനങ്ങൾക്കുള്ള ശേഷിയുണ്ട്.
യാത്രാ സമയം 30% കുറയ്ക്കാനും നിലവിലുള്ള ഇന്റർ സെക്ഷനുകളുടെയും പാലങ്ങളുടെയും ശേഷി മണിക്കൂറിൽ 19,600 വാഹനങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്ന ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ രണ്ട് പാലങ്ങളും തുറക്കുന്നത്.
3,300 മീറ്റർ നീളമുള്ള പാലങ്ങളുടെ നിർമ്മാണവും 6,820 മീറ്ററിലധികം നീളമുള്ള പാതകളുടെ വീതി കൂട്ടലും ഉൾപ്പെടുന്ന അൽ ഖൈൽ റോഡ് വികസന പദ്ധതി 80% പൂർത്തിയായതായും അതോറിറ്റി അറിയിച്ചു.
അൽ ജദ്ദാഫ്, ബിസിനസ് ബേ, സബീൽ, മൈദാൻ, അൽ ഖൂസ് 1, ഗാദിർ അൽ തായർ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവ ഉൾപ്പെടുന്ന അൽ ഖൈൽ റോഡിലെ ഏഴ് സൈറ്റുകളിൽ റോഡ് മെച്ചപ്പെടുത്തലുകൾ നടത്തുന്നുണ്ട്.