നിക്ഷേപകരിൽ നിന്ന് വൻ പ്രതികരണം ലഭിച്ച സാഹചര്യത്തിൽ ഐ.പി.ഒ വഴി വിറ്റഴിക്കുന്ന ഓഹരികൾ 25ൽ നിന്ന് 30 ശതമാനമായി ഉയർത്തി ലുലു റീട്ടെയ്ൽ ഹോൾഡിങ്സ്. ഇതോടെ അബൂദബി സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്‌ത ഓഹരികളുടെ എണ്ണം 258 കോടിയിൽ നിന്ന് 310 കോടിയായി ഉയർന്നു.
തുടക്കത്തിൽ പ്രഖ്യാപിച്ച 25 ശതമാനം ഓഹരികൾക്കും ഐ.പി.ഒയുടെ ആദ്യ ദിനത്തിൽ തന്നെ ആളെത്തിയിരുന്നു. തുടർന്നും പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന് വൻ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് അഞ്ച് ശതമാനം ഓഹരികൾ കൂടി ലിസ്റ്റ് ചെയ്യുന്നതെന്ന് ലുലു റീട്ടെയ്‌ൽ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ സെയ്‌ഫി രൂപാവാല പറഞ്ഞു. എന്നാൽ, അധികം പ്രഖ്യാപിച്ച അഞ്ച് ശതമാനം ഓഹരികൾ നിക്ഷേപകർക്ക് മാത്രമായിരിക്കും ലഭിക്കുക. ഓഹരി വിലയിൽ മാറ്റമുണ്ടാവില്ല. 1.94ലിനും 2.04 ദിർഹത്തിനും ഇടയിൽ തന്നെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.