ദുബായിലെ റോഡുകളിൽ നിയമലംഘനങ്ങൾ നടത്തിയാൽ ആരും അറിയില്ലെന്ന തോന്നൽ വേണ്ടെന്ന് ദുബായ് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. ദുബായ് പോലീസിൻ്റെ സ്മാർട്ട് ക്യാമറകൾ കൃത്യമായി എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും എടുത്ത് പറഞ്ഞു.
ഒരു ഡ്രൈവർ ഡ്രൈവിങ്ങിനിടെ പത്രം വായിക്കുന്നതും, മറ്റൊരു ഡ്രൈവർ കൈകൾ രണ്ടിലും ഒരേസമയം 2 ഫോണുകൾ ഉപയോഗിക്കുന്നതും സ്മാർട്ട് ക്യാമറ സിസ്റ്റം പിടികൂടിയ ഏറ്റവും പുതിയ കുറ്റകൃത്യങ്ങളാണ്.
വനിതാ ഡ്രൈവർ സ്റ്റിയറിംഗിൽ കൈകൾ പോലും വെക്കാതെയാണ് ഒരേസമയം 2 ഫോണുകൾ ഉപയോഗിക്കുന്നത്. മറ്റൊരു ഡ്രൈവർ ഡ്രൈവിങ്ങിനിടെ പത്രം വായിക്കുന്നത് പോലെയാണ് തോന്നുന്നത്. കാഴ്ചയെ പൂർണ്ണമായും തടയുന്ന രീതിയിലാണ് പത്രം പിടിച്ചിരിക്കുന്നത്.
ലംഘനങ്ങളും നിരുത്തരവാദപരമായ പെരുമാറ്റങ്ങളും കണ്ടുപിടിക്കാൻ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്നതാണ് ദുബായിലെ ട്രാഫിക് സംവിധാനങ്ങൾ. അത് എത്ര മറയ്ക്കാൻ നോക്കിയാലും പിടിക്കപെടുക തന്നെ ചെയ്യുമെന്ന് ദുബായ് പോലീസ് പറഞ്ഞു.