ഇന്ന് ജനുവരി 3 കേരളം മുഴുവൻ ഹർത്താൽ ആണെങ്കിലും ഇതിൽ പറയുന്ന “കാസർഗോഡ് ഉപ്പള കല്യാണം” ഒരു വ്യക്തിപരമായ ചടങ്ങ് എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്ത മാതൃക സൃഷ്ടിച്ചു കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്.
ഗൾഫിൽ എല്ലായിടത്തും ബദർ അൽ സമ ഹോസ്പിറ്റൽ ശൃംഖല നടത്തുന്ന അബ്ദുൽ ലത്തീഫ് ഉപ്പളയുടെ മകൾ സൽമ ഷഹനാസ്, കാസർഗോഡ് വ്യവസായ പ്രമുഖനായ കോളിയാട് കരിം സാഹിബിന്റെ മകൻ മുഹമ്മദ് ദിൽഷാദിനെ വിവാഹം കഴിക്കുന്ന ചടങ്ങിൽ 20നിർധന യുവതികൾക്ക് കൂടി മംഗല്യ സൂത്രം അണിയാൻ അവസരം ഒരുക്കിയതാണ് ഈ കല്യാണത്തെ വേർതിരിച്ചു നിർത്തുന്നത്.എല്ലാ നവ ദമ്പതികൾക്കും വേണ്ട സ്വർണവും വസ്ത്രങ്ങളും ഭക്ഷണ സൽക്കാരവും എല്ലാം അബ്ദുൽ ലത്തീഫ് ഉപ്പള തന്നെയാണ് നൽകിയത്. വ്യാപാര സ്ഥാപനങ്ങളിൽ വധൂ വരന്മാരെ കൊണ്ടു പോയിട്ട് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന വിധമാണ് കാര്യങ്ങൾ ക്രമീകരിച്ചത്.
ആർഭാടത്തിൽ സ്വന്തം മക്കളുടെ വിവാഹം നടത്തുമ്പോൾ അതേ വേദി പങ്കിട്ടുകൊണ്ടു നിർധനർക്ക് കൂടി നവ ജീവിതത്തിലേക്ക് പ്രവേശിക്കാൻ അവസരം നൽകുന്നത് ഉദാത്തമായ തീരുമാനം തന്നെയാണ്.
90കളുടെ തുടക്കത്തിൽ മർച്ചന്റ് നേവി യിൽ ജോലി തുടക്കം കുറിച്ച അബ്ദുൽ ലത്തീഫ് ഉപ്പള ഇറ്റലിയിൽ യു എ ഇ എംബസ്സിയിൽ ജോലിക്ക് കയറുകയും തുടർന്ന് സൗദിയിൽ മെഡിക്കൽ രംഗത്തേക്ക് മാറുകയുമായിരുന്നു.
ഒമാനിൽ 2002 ൽ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ആരംഭിച്ച ബദ്ർ അൽ സമ ഹോസ്പിറ്റൽ ഇന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലും കുറഞ്ഞ ചിലവിലെ മികച്ച ചികിത്സയ്ക്ക് കീർത്തി കേട്ട വൻ പ്രസ്ഥാനം ആയി മാറിക്കഴിഞ്ഞു. ഇന്ന് 2000ൽ അധികം ജീവനക്കാർ ബദ്ർ അൽ സമ യിൽ ജോലി ചെയ്യുന്നു.
അബ്ദുൽ ലത്തീഫ് ഉപ്പളയ്ക്കൊപ്പം ഫെയ്ദ മുഹമ്മദ്( പി എ മുഹമ്മദ് ), വി ടി വിനോദൻ (മാർസ് റീറ്റെയ്ൽ) എന്നിവരാണ് ബദ്ർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പിനെ നയിക്കുന്നത്.
കാസർഗോഡ് മാന്യ വിൻ ടച്ച് പാം മെഡോസിൽ നടന്ന വിവാഹ ചടങ്ങിൽ 50000 ലധികം ആളുകൾ സൽക്കാരത്തിൽ പങ്കെടുത്തു. വിവിധ അറബ് രാജ്യങ്ങളിൽ നിന്ന് പ്രമുഖരായ അറബ് സ്വദേശികൾ ചടങ്ങിൽ പങ്കെടുത്തു. ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ട പ്രമുഖരായ ആയിരങ്ങൾ ചടങ്ങിൽ സാക്ഷികളാവുകയും വധൂ വരന്മാരെ ആശംസിക്കുകയും ചെയ്തു.
നിക്കാഹിനു അനുഗ്രഹ പ്രഭാഷണം നടത്തിയത് കബീർ ബാഖവി ആണ്. സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം എ കാസിം മുസ്ലിയാർ, സി എം ഇബ്രാഹിം, എം കെ മുനീർ, പി എ ഇബ്രാഹിം ഹാജി, വിനോദൻ വി ടി, പി എ മുഹമ്മദ്, നൗഷാദ് ബാഖവി, അപ്സര ഹനീഫ്, എൻ എ നെല്ലിക്കുന്ന്, അബ്ദുല്ല ഇബ്രാഹിം, യഹ്യ തളങ്കര,അബൂബക്കർ ഹാജി തളിപ്പറമ്പ, അസിസ് കരയത്ത് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.
അബ്ദുൽ ലത്തീഫ് ഉപ്പള തന്റെ മാതാവിന്റെ നാമം എക്കാലവും നിലനിർത്താൻ ആരംഭിച്ച ഐഷാൾ ഫൌണ്ടേഷന്റെ പേരിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭാര്യ ആയിഷമ്മ സെഫിയ. ഇന്ന് വിവാഹിതയായ സൽമ ഷഹനാസ് അടക്കം 4മക്കളാണ് ഈ ദമ്പതികൾക്ക്.