അൽ ബത്തായയിലെ വാദി ഖർഹയിലെ മണൽപ്രദേശത്ത് വാഹനം മറിഞ്ഞ് അപകടമുണ്ടായതിനെത്തുടർന്ന് നാല് എമിറാത്തികളെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് രക്ഷപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു. വിദൂരമായ മരുഭൂമിയിൽ നടന്ന അപകടത്തിൽ യാത്രക്കാർക്ക് ഗുരുതര പരിക്കുകൾ പറ്റിയിരുന്നു.
ഷാർജ പോലീസ് സെൻട്രൽ ഓപ്പറേഷൻസ് റൂമിലേക്ക് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചപ്പോൾ തന്നെ ഒരു അത്യാഹിത വിഭാഗത്തെ സ്ഥലത്തേക്ക് അയച്ചിരുന്നു. നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെൻ്ററും ആവശ്യമായ പിന്തുണ നൽകിയിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ഒരു ഹെലികോപ്റ്ററും വിന്യസിച്ചു.
മരുഭൂമിയിലേക്കും ദുർഘടമായ പ്രദേശങ്ങളിലേക്കും പോകുമ്പോൾ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം ഷാർജ പോലീസ് വീണ്ടും ആവർത്തിച്ചു പറഞ്ഞു. അത്തരം ഭൂപ്രദേശങ്ങളിൽ അപകടകരമായ ഡ്രൈവിംഗ് ഒഴിവാക്കാനും സമാനമായ അപകടങ്ങൾ തടയുന്നതിന് പൊതു സുരക്ഷയ്ക്ക് മുൻഗണന നൽകാനും അധികൃതർ താമസക്കാരോടും സന്ദർശകരോടും അഭ്യർത്ഥിച്ചു.