യുഎഇ ദേശീയ ദിന പ്രമോഷൻ ആണെന്ന് കരുതി ഓൺലൈനിലൂടെ ”ചോക്ലേറ്റുകൾ ഓർഡർ ചെയ്ത ഇന്ത്യൻ വീട്ടമ്മയ്ക്ക് 500 ഡോളർ (1,836 ദിർഹം) നഷ്ടമായി.
അൽ നഹ്‌ദ 2-ൽ താമസിക്കുന്ന റഷീദ ഗഡിവാല (34) എന്ന വീട്ടമ്മ ഫെയ്‌സ്ബുക്കിലാണ് ഫിക്‌സ് ചോക്ലേറ്റുകൾക്ക് 90 ശതമാനം കിഴിവ് എന്ന വ്യാജ പരസ്യം കണ്ടത്. കമ്പനിയുടെ ലോഗോയും വെബ്‌സൈറ്റും ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നെന്നും അതിനാൽ വിശ്വാസ യോഗ്യമായി തോന്നിയതായും വീട്ടമ്മ പറഞ്ഞു. ഓൺലൈനിൽ സ്ഥിരമായി ഷോപ്പിംഗ് നടത്തുന്ന ആളാണ് റഷീദ.
വെറും 6.95 ദിർഹം വിലയുള്ള 10 ചോക്ലേറ്റുകൾ ഓർഡർ ചെയ്യുന്നതിനുമുമ്പ് അവർ ഭർത്താവ് ഹക്കിമുമായി ആലോചിച്ചിരുന്നു. പരസ്യത്തിൽ ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി ചെയ്തു നൽകുമെന്നും പറഞ്ഞിരുന്നു. തുടർന്ന് കാർഡ് വിശദാശാംങ്ങൾ നൽകുകയും ചെയ്തു. പിന്നീട് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കാതെ വന്നപ്പോൾ പർച്ചേയ്‌സ് ക്യാൻസൽ ആയതായി തോന്നുകയും ചെയ്തു.
എന്നാൽ പിറ്റേന്ന് രാവിലെ, അവരുടെ ക്രെഡിറ്റ് കാർഡിൽ $500 (1,836 ദിർഹം) ഈടാക്കിയതായി ഭർത്താവ് ഹക്കിമിന് ഒരു അറിയിപ്പ് ലഭിച്ചു. എന്നാൽ OTP ഇല്ലാതെ കാർഡിൽ നിന്ന് എങ്ങനെ പണം പോയി എന്നാലോചിച്ച് ശരിക്കും ഞെട്ടിപ്പോയെന്നും ഹക്കീം പറഞ്ഞു.
ഹക്കിം ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും നിരാശാജനകമായിരുന്നു പ്രതികരണം. ഇങ്ങനെയുള്ള കാര്യങ്ങളിൽ “കൂടുതൽ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്ന് ബാങ്ക് പറഞ്ഞു. യു എ ഇയിൽ ഇതുപോലെ സമാനമായ ഓൺലൈൻ തട്ടിപ്പ് അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.
ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റ് ആധികാരികത വേണ്ടത്ര പരിശോധിക്കണമെന്ന് ( പ്രത്യേകിച്ചും സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ കാണുമ്പോൾ ) അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.