ദുബായിൽ പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരു പാക്കിസ്ഥാൻ പൗരന് ദുബായ് ക്രിമിനൽ കോടതി ജയിൽ ശിക്ഷയും നാടുകടത്തലും വിധിച്ചു.
പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 34 കാരനായ ഇന്ത്യക്കാരന് സ്ഥിരമായ വൈകല്യമുണ്ടാക്കിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് 70 കാരനായ പാകിസ്ഥാൻകാരന് മൂന്ന് മാസത്തെ തടവ് ശിക്ഷ അവസാനിച്ച ശേഷം നാടുകടത്താൻ വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി എട്ടിന് എമിറേറ്റിലെ ടീകോം ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് പുറത്താണ് പാർക്കിംഗ് സ്ഥലത്തെ ചൊല്ലി രണ്ട് താമസക്കാർക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായത്.
ഇന്ത്യക്കാരൻ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്ന പാർക്കിംഗ് സ്ഥലം പാകിസ്ഥാൻകാരൻ തന്റേതാണെന്ന് അവകാശപ്പെട്ടതോടെയാണ് അഭിപ്രായവ്യത്യാസത്തിന് തുടക്കമായത്. തുടർന്ന് പാകിസ്ഥാനി ഇന്ത്യക്കാരനെ ബലമായി തള്ളിയിട്ടതോടെ ഇന്ത്യക്കാരന് കാര്യമായ പരിക്കുകൾ ഏൽക്കുകയായിരുന്നു.
ഇന്ത്യക്കാരന്റെ ഇടത് കാലിൽ ടിബിയ ഒടിയുകയും, നാഡി ക്ഷതം, പേശികളുടെ ക്ഷയം, സ്ഥിരമായ വൈകല്യം എന്നിവയും, കാലിൻ്റെ പ്രവർത്തനക്ഷമതയുടെ 50 ശതമാനത്തെ ബാധിച്ചതായും മെഡിക്കൽ റിപ്പോർട്ടുകളിൽ കണ്ടെത്തി.
പ്രതികാരമായി ഇന്ത്യക്കാരൻ പാകിസ്ഥാൻ കാരന്റെ തലയിൽ ഇടിക്കുകയും, പാകിസ്ഥാൻ പൗരന് 20 ദിവസത്തേക്ക് ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് അധികൃതരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട് ശാരീരിക പീഡനത്തിനും സ്ഥിരമായ വൈകല്യത്തിനും കാരണമായ കുറ്റത്തിന് പാകിസ്ഥാൻ പൗരനെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിക്കുകയായിരുന്നു. 34 കാരനായ ഇന്ത്യക്കാരനെതിരായ കേസ് തുടർനടപടികൾക്കായി മിസ്‌ഡിമെനർ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.