യുഎഇയിൽ വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണ ശ്രമങ്ങൾ ഏകീകരിക്കുന്നതിനും യുവാക്കൾക്കിടയിൽ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിനുമായി ഒരു നാഷണൽ സ്കൂൾ ഹെൽത്ത് സ്ക്രീനിംഗ് മാർഗ്ഗനിർദ്ദേശം ഇന്ന് വെള്ളിയാഴ്ച പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു.
ഇതനുസരിച്ച് കിൻ്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള സ്കൂൾ കുട്ടികളെ ആരോഗ്യപരമോ വികസനപരമോ ആയ അവസ്ഥകൾക്കായി പരിശോധിക്കും, ആവശ്യമെങ്കിൽ ഇവർക്ക് നേരത്തെയുള്ള ഇടപെടലും പിന്തുണയും നൽകുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.
ഇത്തരം പരിശോധനകളിലൂടെ വിദ്യാർത്ഥികളിലെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. വിദ്യാർത്ഥികളുടെ പരിശോധന കാര്യക്ഷമമാക്കുന്നതിനു പുറമേ, പൊതു, സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ പരിശോധന ഫലങ്ങളുടെ വിശ്വസനീയമായ ദേശീയ ഡാറ്റാബേസ് നിർമ്മിക്കാനും ഈ സംരംഭം ശ്രമിക്കുന്നു.