ദുബായിലെ പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ ശക്തമായ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് ഈവന്‍റ്സ് സെക്യൂരിറ്റി കമ്മിറ്റി പുതുവത്സരാഘോഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പ്രഖ്യാപിച്ചു. സുരക്ഷാ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനും തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും എമിറേറ്റിനെ നോര്‍ത്ത്, സെന്‍ട്രല്‍, വെസ്റ്റ്, മാരിടൈം എന്നിങ്ങനെ നാല് പ്രവര്‍ത്തന മേഖലകളായിവിഭജിക്കും. കഴിഞ്ഞ വര്‍ഷം ഈ സംവിധാനം വലിയ വിജയമായതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി. തൊഴിലാളികള്‍ക്കായുള്ള പെര്‍മനന്‍റ് കമ്മറ്റിയുമായി ഏകോപിപ്പിച്ച് തൊഴിലാളികള്‍ക്ക് ആഘോഷ പരിപാടികള്‍ കാണുന്നതിനുവേണ്ടി പ്രത്യേകം ഇടങ്ങളും സമിതി ക്രമീകരിച്ചിട്ടുണ്ട്. ഈ സോണുകളില്‍ വലിയ സ്‌ക്രീനുകളും ഭക്ഷണ സേവനങ്ങളും ഒരുക്കും. തൊഴിലാളികളെ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ സുരക്ഷിതമായും സൗകര്യപ്രദമായും ആസ്വദിക്കാന്‍ അനുവദിക്കുന്നതിനു വേണ്ടിയാണിതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം തിരക്കേറിയ ഈവന്‍റ് ലൊക്കേഷനുകളിലേക്ക് തൊഴിലാളികള്‍ പോവുന്നത് കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു.

പുതുവത്സര ആഘോഷങ്ങളില്‍ ദുബായിലെ 36 സ്ഥലങ്ങളില്‍ കരിമരുന്ന് പ്രയോഗം നടക്കും. ബുര്‍ജ് ഖലീഫ, ഗ്ലോബല്‍ വില്ലേജ്, ബാബ് അല്‍ ഷംസ് ഡെസേര്‍ട്ട് റിസോര്‍ട്ട്, അറ്റ്‌ലാന്റിസ് ദി റോയല്‍, അല്‍ മര്‍മൂം ഒയാസിസ്, എക്‌സ്‌പോ സിറ്റി, ദുബായ് ഫ്രെയിം, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് ഉള്‍പ്പെടെയാണിത്. സുരക്ഷ ഉറപ്പാക്കാന്‍, ദുബായ് പോലീസ് 8,530 ഉദ്യോഗസ്ഥരെയും 1,145 പട്രോളിംഗുകളെയും വിന്യസിക്കും. 33 മറൈന്‍ റെസ്‌ക്യൂ ബോട്ടുകള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ പിന്തുണ. ആറ് മൊബൈല്‍ ഓപ്പറേഷന്‍ റൂമുകള്‍ എമിറേറ്റിലുടനീളം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. ദുബായ് പോലീസുമായി സഹകരിക്കാനും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും മേജര്‍ ജനറല്‍ അല്‍ മന്‍സൂരി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. യഥാക്രമം 999, 901 എന്നീ ടോള്‍ ഫ്രീ നമ്പറുകള്‍ വഴി എമര്‍ജന്‍സി, നോണ്‍ എമര്‍ജന്‍സി റിപ്പോര്‍ട്ടുകള്‍ നല്‍കാം.

വൈകിട്ട് നാലു മണി മുതല്‍ അല്‍ അസായേല്‍ സ്ട്രീറ്റില്‍ ഔദ് മേത്ത് റോഡ് മുതല്‍ ബുര്‍ജ് ഖലീഫ വരെയുള്ള ഭാഗങ്ങള്‍ അടച്ചിടും. പാര്‍ക്കിങ് ലഭ്യതയെ ആശ്രയിച്ച് വൈകുന്നേരം 4 മണി മുതല്‍ മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ബുര്‍ജ് ഖലീഫ സ്ട്രീറ്റ്, അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകുന്നേരം 4 മണി മുതല്‍ ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റും രാത്രി 8 മണി മുതല്‍ അപ്പര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ സ്ട്രീറ്റും അല്‍ സുക്കൂക്ക് സ്ട്രീറ്റും അടച്ചിടും.

പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി 2024 ഡിസംബര്‍ 31-ന് പുലര്‍ച്ചെ 5 മണി മുതല്‍ 2025 ജനുവരി 1-ന് അര്‍ദ്ധരാത്രി വരെ 43 മണിക്കൂര്‍ ദുബായ് മെട്രോ (ചുവപ്പ്, പച്ച ലൈനുകള്‍) തുടര്‍ച്ചയായി സര്‍വീസ് നടത്തും. ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകള്‍ 53 സ്റ്റേഷനുകളില്‍ നിന്ന് പ്രവര്‍ത്തിക്കും. ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷന്‍ വൈകുന്നേരം 5 മണിക്ക് അടയ്ക്കും. ദുബായ് ട്രാം അതിന്റെ 11 സ്റ്റേഷനുകളിലൂടെ സര്‍വീസ് നടത്തും. സന്ദര്‍ശകരെ കൊണ്ടുപോകാന്‍ 1,400 ബസുകള്‍ ലഭ്യമാക്കും. ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഷട്ടില്‍ ബസുകള്‍ ഓടുന്ന അല്‍ വാസല്‍ ക്ലബ്ബില്‍ 500, അല്‍ ജാഫിലിയയില്‍ 400 എന്നിങ്ങനെ 900 അധിക പാര്‍ക്കിംഗ് ഇടങ്ങള്‍ ഒരുക്കും.

പ്രധാന പ്രദേശങ്ങള്‍ക്ക് സമീപമുള്ള ട്രാഫിക് ലൈറ്റുകള്‍ തത്സമയം നിരീക്ഷിക്കും. ബസുകളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും കാല്‍നടയാത്രക്കാര്‍ക്കുള്ള റൂട്ടുകള്‍ വ്യക്തമായി അടയാളപ്പെടുത്തും. റോഡ് അടയ്ക്കുന്നതിനെക്കുറിച്ചും ഇതര റൂട്ടുകളെക്കുറിച്ചും സ്മാര്‍ട്ട് സ്‌ക്രീനുകള്‍ ഡ്രൈവര്‍മാരെ അറിയിക്കും. 246 വാഹനങ്ങളുടെ പിന്തുണയോടെ 242 സൂപ്പര്‍വൈസര്‍മാരും 2,534 ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടെ 2,776 ജീവനക്കാരെ വിന്യസിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയുടെ തയ്യാറെടുപ്പ് ദുബായ് മുനിസിപ്പാലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അദേല്‍ അല്‍ മര്‍സൂഖി സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം, ഭക്ഷ്യ സുരക്ഷ, പൊതു ഇടങ്ങളുടെ ശുചിത്വം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി. അഞ്ച് സെക്ടറുകളിലായി 1,097 അഗ്‌നിശമന സേനാംഗങ്ങളെയും 123 നൂതന വാഹനങ്ങളെയും വിന്യസിച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അലി ഹസന്‍ അല്‍ മുതവ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!