അബുദാബി – മുംബൈ 6E-1402 ഇൻഡിഗോ വിമാനത്തിനുള്ളിൽ പുക വലിച്ച മലയാളി യാത്രക്കാരനെതിരെ കേസെടുത്തു. ഡിസംബർ 25ന് അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. 26കാരനായ കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തത്.
യാത്രക്കിടെ പുലർച്ചെ മൂന്ന് മണിയോടെ ഇയാൾ ശുചിമുറിയിലേക്ക് പോകുകയും അൽപ സമയത്തിന് ശേഷം തിരികെ വന്ന് സീറ്റിലിരിക്കുകയും ചെയ്തു. തുടർന്ന് വിമനാത്തിലെ ജീവനക്കാർക്ക് സിഗരറ്റിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ജീവനക്കാരിലൊരാൾ ശുചിമുറിയിലെത്തി നോക്കിയപ്പോൾ അവിടെ സിഗരറ്റിന്റെ കുറ്റി കണ്ടെത്തി. തുടർന്ന് ഇവർ മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചപ്പോൾ പുകവലിച്ചതായി ഇയാൾ സമ്മതിക്കുകയായിരുന്നു. വിമാനത്തിൽ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നെന്നാണ് മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആവശ്യ പ്രകാരം കയ്യിലുണ്ടായിരുന്ന ആറ് പാക്കറ്റ് സിഗരറ്റും ജീവനക്കാരെ ഏൽപ്പിച്ചു.
തുടർന്ന് ഇന്‍ഡിഗോയിലെ മുതിര്‍ന്ന സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന് മുഹമ്മദിനെതിരെ സഹാര്‍ പൊലീസില്‍ പരാതി നല്കി. വിമാനത്തില്‍ പുകവലിച്ചതിന് എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125 പ്രകാരവും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത് നോട്ടീസ് നല്കി മുഹമ്മദിനെ വിട്ടയച്ചു.