തായ്ലൻഡ് വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന യുഎഇ നിവാസികൾ 2025 ജനുവരി 1 മുതൽ രാവിലെ 7 മണി മുതൽ പുതിയ ഇ-വിസ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ ഇനിമുതൽ അബുദാബിയിലെ റോയൽ തായ് എംബസിയിലോ ദുബായിലെ റോയൽ തായ് കോൺസുലേറ്റിലോ നേരിട്ട് പാസ്പോർട്ടും അസ്സൽ അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതില്ലെന്ന് എംബസി അറിയിച്ചു.
ആദ്യം, അപേക്ഷകൻ തായ്ലൻഡ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കണം. പിന്നീട് വിസയ്ക്കായുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത ശേഷം, വെബ്സൈറ്റ് വഴി വിസ ഫീസ് അടയ്ക്കുക. രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് രസീത് ലഭിക്കുന്നതുമാണ്.
എല്ലാ വിവരങ്ങളുടെയും കൃത്യതയും അക്ഷരവിന്യാസവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്, കാരണം പിശകുകളോ പൊരുത്തക്കേടുകളോ അപേക്ഷ നിരസിക്കാൻ ഇടയാക്കിയേക്കാമെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.