റാസൽഖൈമ തീരത്ത് കഴിഞ്ഞ വ്യാഴാഴ്ച ഡിസംബർ 26 ന് ജാസിറ ഏവിയേഷൻ ക്ലബിൽ നിന്നുള്ള രണ്ട് സീറ്റർ ഗ്ലൈഡർ തകർന്ന് ഒരു പൈലറ്റും കൂട്ടാളിയും മരിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. മരിച്ചവരിൽ ഒരാളായ ഡോക്ടർ സുലൈമാൻ അൽ മജീദ് (26) ഇന്ത്യക്കാരനാണ്. ഷാർജയിൽ ആയിരുന്നു താമസം.
ബീച്ചിനോട് ചേർന്നുള്ള കോവ് റൊട്ടാന ഹോട്ടലിന് സമീപം ഉച്ചയ്ക്ക് 2 മണിക്ക് വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് അദ്ദേഹത്തിൻ്റെ പിതാവ് അറിയിച്ചു. 29കാരിയായ പാകിസ്ഥാൻ വനിതയായ പൈലറ്റിനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ഡോ. സുലൈമാൻ കാഴ്ചകൾക്കായി ഗ്ലൈഡർ വാടകയ്‌ക്കെടുത്തതായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഇളയ സഹോദരനും ഉൾപ്പെടെയുള്ള കുടുംബം ഗ്ലൈഡരിൽ പറക്കുന്നത് കാണാൻ ഏവിയേഷൻ ക്ലബിൽ ഉണ്ടായിരുന്നു. സുലൈമാൻ്റെ ഇളയ സഹോദരൻ അടുത്ത ട്രിപ്പിനായി വിമാനത്തിൽ കയറാനിരുന്നതിന് മുമ്പാണ് ഈ അപകടമുണ്ടായത്. സുലൈമാൻ്റെ ഖബറടക്കം ഇന്ന് ഞായറാഴ്ച വൈകീട്ട് 7.30ന് അൽ ഗുസായ് ഖബർസ്ഥാനിൽ നടക്കും.