കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. മുഖം കുത്തിയാണ് ഉമാ തോമസ് എംഎൽഎ വീണത്. മൂക്കിൽ നിന്നും വായിൽ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എംഎല്‍എ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. അപകടം നടന്ന ഉടന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.
ഉമാ തോമസ് എം.എൽ.എ.യുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു . തലച്ചോറിനേറ്റ ക്ഷതം കാരണമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞശേഷം തുടർ ചികിത്സകൾ നിർണായകമാണെന്നും ഡോക്‌ടർമാർ അറിയിച്ചു.