പ്രമുഖ പണ്ഡിതനും പ്രവാസിയുമായിരുന്ന ഹൈദരലി ശാന്തപുരം (81) അന്തരിച്ചു. ശാന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
ദീർഘകാലം പ്രവാസിയായിരുന്നു. വർഷങ്ങളോളം യു എ ഇ ആസ്ഥാനമായുള്ള റേഡിയോ ഏഷ്യയിൽ ഇസ്ലാമിക പ്രോഗ്രാമുകൾ അവതരിപ്പിച്ചിരുന്ന പണ്ഡിതനായിരുന്നു. പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
ജനനം 1943 ജൂലൈ-15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത്. പിതാവ് മൊയ്തീന്‍, മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955- 1965-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി.1965-1968-ൽ അന്തമാനില്‍ പ്രബോധകനും ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് എഡ്യുക്കേഷന്‍ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1968-72-ൽ മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. പ്രബോധനം വാരിക സബ് എഡിറ്റര്‍ (1972-1973), ജമാഅത്ത് കേരള ഹല്‍ഖാ ഓഫീസ് സെക്രട്ടറി (1974-75), സുഊദി മതകാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന്‍ (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ് (2000- 2006), ശാന്തപുരം അല്‍ ജാമിഅ ദഅ്‌വ കോളേജ് പ്രിന്‍സിപ്പൽ (2006-2008), അധ്യാപകൻ, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറയിലെയും കേന്ദ്ര പ്രിതിനിധി സഭയിലെയും അംഗം (2007-2015) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ നടക്കും