മെൽബണിൽ നിന്ന് അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് ഇന്ന് ജനുവരി 5 ന് ടേക്ക് ഓഫ് ചെയ്യാനിരുന്ന EY461 787-9 ഡ്രീംലൈനർ എത്തിഹാദ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചതിനെതുടർന്ന് ടേക്ക് ഓഫ് ചെയ്യാനായില്ല. വിമാനത്തിൽ 270 ലധികം യാത്രക്കാർ ഉണ്ടായിരുന്നു. ടേക്ക് ഓഫിനായി വിമാനത്തിന്റെ സ്പീഡ് കൂട്ടി വന്നപ്പോൾ ടയറുകളുടെ സാങ്കേതികതകരാർ ശ്രദ്ധയിൽപ്പെടുകയും എമർജൻസി ടേക്ക് ഓഫ് റിജക്ഷൻ ആവശ്യപ്പെടുകയുമായിരുന്നു.
മുൻകരുതൽ നടപടിയെന്ന നിലയിൽ അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിലെ ടയറുകളിലെ തീയണച്ചു, ഉയർന്ന വേഗതയിൽ പോയി പിന്നീട് ടേക്ക് ഓഫ് നിരസികുന്നതിനെതുടർന്നുള്ള ഒരു സാധാരണ നടപടിക്രമമാണിത്. ഓൺലൈനിൽ പങ്കിട്ട ചില വീഡിയോകൾ വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി കാണിച്ചിരുന്നു. പിന്നീട് രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചതായി എയർലൈൻ വ്യക്തമാക്കി, എന്നാൽ വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും എയർലൈൻ സ്ഥിരീകരിച്ചു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി ഇറക്കി. കഴിയുന്നത്ര വേഗത്തിൽ യാത്ര തുടരുന്നതിന് അവരെ സഹായിക്കാൻ തങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യവും തങ്ങളുടെ മുൻഗണനയാണെന്ന് എത്തിഹാദ് എയർവേസ് ഊന്നിപ്പറഞ്ഞു.