ദുബായ് അൽ സൂഖ് അൽ കബീർ ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ ലിഫ്റ്റിൽ 10 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയതിന് പാകിസ്ഥാൻ പൗരനെ ദുബായ് കോടതി ശിക്ഷിച്ചു.
2024 ഏപ്രിൽ 1 ന് രാത്രി 7:30 മണിയോടെ ഒരു പെൺകുട്ടി തൻ്റെ അപ്പാർട്ട്മെൻ്റിലെത്താൻ ലിഫ്റ്റിൽ കയറിയപ്പോഴാണ് സംഭവമുണ്ടായത്. ലിഫ്റ്റിനുള്ളിൽ വെച്ച് 10 വയസ്സുകാരിയോട് എന്തെങ്കിലും സ്പോർട്സ് കളിക്കുന്നുണ്ടോ എന്ന് ചോദിച്ച് പാകിസ്ഥാൻ പൗരനായ ഒരാൾ സംസാരം തുടങ്ങുകയും, പെൺകുട്ടിക്ക് കൂടുതൽ തടിയുണ്ടെന്നും, വ്യായാമം ചെയ്യാൻ തുടങ്ങണമെന്നും ഇയാൾ നിർദ്ദേശിച്ച് പെൺകുട്ടിയെ സ്പർശിച്ചതായും കോടതി രേഖകളിൽ പറയുന്നു.
ഇഷ്ടമില്ലാത്ത സംഭാഷണത്തിൽ ഏർപ്പെടുകയും പിന്നീട് പെൺകുട്ടിയെ സ്പർശിക്കുകയും ചെയ്തപ്പോൾ സംഭവം പെൺകുട്ടിയുടെ അച്ഛനെ അറിയിക്കുകയും അച്ഛൻ ദുബായ് പോലീസിനെ അറിയിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി ലിഫ്റ്റിൽ ഉണ്ടായിരുന്നതായി സമ്മതിച്ചു, എന്നാൽ തൻ്റെ ചോദ്യങ്ങൾ പെൺകുട്ടിയെ വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നെന്ന് പ്രതി പറഞ്ഞു. എന്നിരുന്നാലും, കുറ്റങ്ങളും പിഴകളും സംബന്ധിച്ച ഫെഡറൽ ഡിക്രി-ലോ നമ്പർ 31-ലെ 2021-ലെ നിയമഭേദഗതികൾ പ്രകാരം പ്രതിയുടെ പ്രവൃത്തികൾ അസഭ്യമായിരുന്നെന്ന് കോടതി കണ്ടെത്തി.
ഇയാളെ പിന്നീട് കോടതി കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസം തടവ് ശിക്ഷ നൽകാനും ശേഷം ഇയാളെ നാടുകടത്താനും ദുബായ് കോടതി വിധിച്ചു.