യുഎഇയിൽ ജനുവരി ആറിന് മുമ്പ് നൽകിയ എല്ലാ ഡ്രോൺ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും അസാധുവാകുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) ചൊവ്വാഴ്ച അറിയിച്ചു.
ഇനി യുഎഇയിലെ ഡ്രോൺ ഉടമകൾ ഡ്രോണുകൾ പ്രവർത്തിക്കാൻ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി പുതിയ അപേക്ഷ സമർപ്പിക്കണം. ജനുവരി 7 ന്, ആഭ്യന്തര മന്ത്രാലയം വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള നിരോധനം ഭാഗികമായി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനുവരി 6 ന് മുമ്പ് നൽകിയ പെർമിറ്റുകൾ ഇപ്പോൾ അസാധുവാണെന്ന് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഡ്രോണുകളിൽ റിമോട്ട് ഐഡൻ്റിഫിക്കേഷൻ സംവിധാനം ഉണ്ടായിരിക്കണമെന്നും പ്രവർത്തന സമയത്ത് ആപ്പ് ഉപയോഗിക്കണമെന്നും ഏവിയേഷൻ അതോറിറ്റി പറഞ്ഞു.
ഡ്രോൺ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നവർ GCAA അംഗീകൃത കേന്ദ്രത്തിൽ നിന്ന് പരിശീലന സർട്ടിഫിക്കറ്റും നേടിയിരിക്കണം. അവർ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൽ നിന്ന് ഒരു ഉൽപ്പന്ന സ്റ്റാറ്റസ് സ്റ്റേറ്റ്മെൻ്റ് അഭ്യർത്ഥിക്കുകയും യുഎഇ ഡ്രോൺസ് ആപ്പിൽ പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുകയും വേണം.
ഡ്രോൺ പ്രവർത്തിപ്പിക്കാൻ ഔദ്യോഗിക രജിസ്ട്രേഷൻ വെബ്സൈറ്റിലേക്ക് drones.gov.ae പോകാവുന്നതാണ്. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം അല്ലെങ്കിൽ വെബ്സൈറ്റിൽ സൈൻ അപ്പ് ചെയ്യുക.
ദുബായിൽ ഇപ്പോഴും വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള നിരോധനം തുടരുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നഗരത്തിൽ വിനോദ ആവശ്യങ്ങൾക്കായി ഡ്രോണുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.