ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി നിർമ്മിച്ച ഐഎൻഎസ്, സൂറത്ത്, ഐഎൻഎസ്, നീലഗിരി, ഐഎൻഎസ്, വാഗ്ഷീർ എന്നീ മൂന്ന് കപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനുവരി 15 ന് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യ ഒരു പ്രധാന സമുദ്രശക്തിയായി മാറുകയാണെന്നും ‘ആത്മനിർഭർ ഭാരത്’ രാജ്യത്തെ ശക്തവും സ്വയംപര്യാപ്തവുമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധക്കപ്പലുകളായ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, മുങ്ങിക്കപ്പൽ ഐഎൻഎസ് വാഗ്ഷീർ എന്നിവ രാജ്യത്തിനു സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . ദക്ഷിണ മുംബൈയിലെ നേവൽ ഡോക്യാഡിലായിരുന്നു കമ്മീഷനിങ് ചടങ്ങ് നടന്നത്.
ആദ്യമായാണ് ഡിസ്ട്രോയർ, ഫ്രിഗേറ്റ്, അന്തർവാഹിനി എന്നിവ ഒരുമിച്ച് കമ്മീഷൻ ചെയ്തത്. ഇവ മൂന്നും ഇന്ത്യയിൽ നിർമ്മിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു. ‘മയക്കുമരുന്ന്, ആയുധങ്ങൾ, ഭീകരത എന്നിവയിൽ നിന്ന് സമുദ്രത്തെ സംരക്ഷിക്കുന്നതിന് നാം ഒരു ആഗോള പങ്കാളിയാകണം. ഇന്ത്യ ഒരു പ്രധാന സമുദ്രശക്തിയായി മാറുകയാണ്. കൂടാതെ വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ പങ്കാളിയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു,’- മോദി കൂട്ടിച്ചേർത്തു.