യുഎഇയുടെ ദേശീയ റെയിൽ കമ്പനിയായ എത്തിഹാദ് റെയിൽ വികസനത്തിൻ്റെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി അബുദാബി-ദുബായ് എന്നീ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയുടെ സിവിൽ വർക്കുകളും സ്റ്റേഷൻ പാക്കേജുകളും രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ടെൻഡറുകൾ നൽകിക്കഴിഞ്ഞു. മേയിൽ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ
അബുദാബിക്കും ദുബായ്‌ക്കുമിടയിലുള്ള യാത്രാ സമയം വെട്ടിക്കുറയ്ക്കുന്നതാണ് ഈ റെയിൽവേ ലിങ്ക്. അൽ ജദ്ദാഫിലെയും യാസ് ദ്വീപിലെയും നിർദ്ദിഷ്ട സ്റ്റേഷനുകൾക്കിടയിലുള്ള യാത്രയ്ക്ക് 30 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ശൃംഖലയിൽ ഓടുന്ന ട്രെയിനുകൾക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയുണ്ടാകും.
150 കിലോമീറ്റർ മെഗാ പദ്ധതിക്ക് അൽ-സാഹിയ, സാദിയാത്ത് ദ്വീപ്, അബുദാബി എയർപോർട്ട് എന്നിവിടങ്ങളിലായി മൂന്ന് സ്റ്റേഷനുകൾ കൂടി ഉണ്ടാകും. നാല് ഘട്ടങ്ങളിലായാണ് നിർദിഷ്ട പദ്ധതി നിർമ്മിക്കുക. അബുദാബി-ദുബായ് പാത 2030-ഓടെ പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. മറ്റ് എമിറേറ്റുകളിലേക്കുള്ള ലിങ്കുകൾ പിന്നീട് ചേർക്കും.
യുഎഇയെ ഒമാനുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. എത്തിഹാദ് റെയിലിൻ്റെയും ഒമാൻ റെയിലിൻ്റെയും സംയുക്ത സംരംഭമായ ഹഫീത് റെയിൽ ആണ് ഇത് വികസിപ്പിക്കുന്നത്.