പ്രശസ്‌തമായ എമിരേറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച വെബ് സീരീസിനുള്ള ബഹുമതി പോൾസൺ പാവറട്ടിയുടെ ബബ്ബിൾ ഗം ദുബായ് ടീം കരസ്ഥമാക്കി. 2025 ജനുവരി 18 ശനിയാഴ്ച്ച വൈകീട്ട്, ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് ഏവിയേഷൻ കോളേജിൽ, ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബബ്ബിൾ ഗം ദുബായ് വെബ് സീരിസിന്റെ അമരക്കാരനും തിരക്കഥാകൃത്തും സംവിധായകനുമായ പോൾസൺ പാവറട്ടി പുരസ്‌കാരം ഏറ്റുവാങ്ങി.
ഇഛാശക്‌തിയിലൂടെയും, അർപ്പണമനോഭാവത്തിലൂടെയും നേടിയെടുത്ത ഈ ബഹുമതി, തന്റെ കൂടെ സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത എല്ലാ കലാകാരന്മാർക്കും, അതോടൊപ്പം തന്റെ കുടുംബാംഗങ്ങൾക്കും സമർപ്പിക്കുന്നതായി ശ്രീ. പോൾസൺ പാവറട്ടി അറിയിച്ചു.
പതിനൊന്നാമത് എമിരേറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ചൂടേറിയ മത്സരത്തിൽ മുപ്പത് രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിൽ പരം ഹൃസ്വ ചിത്രങ്ങൾ പങ്കെടുത്തിരുന്നു. ഇവയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ 2025 ജനുവരി 15, 16, 17 തീയതികളിൽ ചലച്ചിത്ര പ്രേമികൾക്കായി എമിരേറ്റ്സ് ഏവിയേഷൻ കോളേജിൽ പ്രത്യേകം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അതിൽ, നമ്മുടെ പ്രവാസ സമൂഹത്തിലെ സാധാരണക്കാർ നേരിടുന്ന സാമ്പത്തിക ചൂഷണങ്ങളും, ഏറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന അത്തരക്കാരെ സഹായിക്കുവാൻ മുൻകൈ എടുത്തിറങ്ങുന്ന നന്ദിനി അക്കയുടെയും കഥ സരസമായി പറയുന്ന “വിടമാട്ടേൻ” എന്ന ബബ്ബിൾ ഗം ദുബായ് ടീമിന്റെ ഹൃസ്വചിത്രമാണ് ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ദുബായിലും, ഷാർജയിലുമായി മുപ്പതിലധികം എപ്പിസോഡുകൾ തുടർച്ചയായി ചിത്രീകരിക്കുകയും, അവ വിജയകരമായി പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുകയും ചെയ്ത ഏക മലയാളം വെബ്‌സീരീസാണ് ബബ്ബിൾ ഗം ദുബായ്. ഈ ചെറിയ കാലയളവിൽ തന്നെ മുൻപരിചയം ഇല്ലാത്ത 85 ൽ പരം പ്രവാസികളായ കലാകാരന്മാർക്ക് ക്യാമറയ്ക്കു മുൻപിലും പിന്നിലും പ്രവൃത്തിക്കുവാൻ പോൾസൺ പാവറട്ടി അവസരമൊരുക്കി കൊടുത്തു എന്നതാണ് ബബിൾ ഗം ദുബായ് വെബ് സീരീസിന്റെ മറ്റൊരു മികച്ച സവിശേഷത!
വർഷം തോറും ആഘോഷിക്കപ്പെടുന്ന എമിരേറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മിഡിൽ ഈസ്റ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, സൗത്ത് ഏഷ്യ, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിൽ നിന്നും നിരവധി ചിത്രങ്ങളാണ് പങ്കെടുക്കുന്നത്. ലോക പ്രശസ്ത ക്യാമറ ബ്രാൻഡായ നിക്കോൺ, യുഎയിലെ പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനമായ ഗ്രാൻഡ് സ്റ്റോഴ്‌സ്, എമിരേറ്റ്സ് ഗ്രൂപ്പ് ഫോട്ടോഗ്രാഫി ക്ലബ് എന്നിവരാണ് ഈ ചലച്ചിത്രോത്സവത്തിന്റെ മുഖ്യ പ്രായോജകർ.