വിദേശ രാജ്യങ്ങൾക്കുളള ധനസഹായം മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2022 മുതൽ തുടരുന്ന യുദ്ധത്തിൽ ഉക്രയ്‌ന് വൻതോതിൽ ആയുധങ്ങളും ധനസഹായവും നൽകിയിരുന്നത് അമേരിക്കൻ സർക്കാരായിരുന്നു. എന്നാൽ ഉക്രയ്‌ന് നൽകുന്നതടക്കം എല്ലാ വിദേശ സഹായങ്ങളും മരവിപ്പിക്കാനാണ് ട്രംപ് സർക്കാരിൻ്റെ തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പുറത്തിറക്കിയ മെമ്മോയിൽ പറയുന്നു.
വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വികസന സഹായം, ദരിദ്ര രാജ്യങ്ങൾക്കുള്ള സന്നദ്ധ സഹായം, സഖ്യരാജ്യങ്ങൾക്ക് നൽകുന്ന സൈനിക സഹായം എന്നിവ അടക്കം എല്ലാം മരവിപ്പിച്ചിട്ടുണ്ട്.
ഇസ്രയേലിനുള്ള സഹായം തുടരുമെന്ന് മെമ്മോയിൽ വ്യക്തമായിട്ടുണ്ട്. ഇസ്രയേൽ ഗാസയിൽ നടത്തിയ നരനായാട്ടിന് എല്ലാ സഹായവും നൽകിയത് അമേരിക്കയാണെന്ന് ആഗോളതലത്തിൽ വിമർശനം നിലനിൽക്കുമ്പോഴാണ് ഇനിയും പിന്നോട്ടില്ലെന്ന ട്രംപിൻ്റെ പ്രഖ്യാപനം. 1979ൽ ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പുവച്ചതു മുതൽ ഉദാരമായി യുഎസ് പ്രതിരോധ ധനസഹായം ലഭിച്ചുവരുന്ന ഈജിപ്‌തിനുള്ള സഹായവും ട്രംപ് തുടരും.
അനധികൃത കുടിയേറ്റക്കാരെ യു. എസ്സിൽ നിന്ന് ഒഴിപ്പിച്ചുതുടങ്ങിയതായും വൈറ്റ് ഹൗസ് അറിയിച്ചു. രാജ്യത്ത് അനധികൃതമായി കുടിയേറിപ്പാർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാലിക്കുകയാണന്നും വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. വൻതോതിലാണ് നാടുകടത്തൽ ആരംഭിച്ചിരിക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.