ഷാർജ അൽ ദൈദ് റോഡിൽ കാറിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ പോയികൊണ്ടിരിന്ന കാറിലെ ഡ്രൈവറെ രക്ഷിച്ചതായി ഷാർജ പൊലീസ് ഇന്ന് ബുധനാഴ്ച അറിയിച്ചു.
തൻ്റെ കാറിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായതായി മനസ്സിലാക്കിയപ്പോൾ ഡ്രൈവർ ഷാർജ പോലീസിനെ അറിയിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചയുടൻ, പോലീസ് ഉടൻ തന്നെ പ്രദേശം സുരക്ഷിതമാക്കുകയും സമീപത്തുള്ള മറ്റ് പട്രോളിംഗ് സംഘങ്ങളെ ഏകോപിപ്പിച്ച് ഡ്രൈവറെ പിന്തുടരുകയും ചെയ്തു.
പോലീസ് ജീവനക്കാർ ഡ്രൈവറുമായി ആശയവിനിമയം നടത്തുകയും ക്രൂയിസ് കൺട്രോൾ എങ്ങനെ വിച്ഛേദിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനിടയിൽ അദ്ദേഹത്തെ ശാന്തനാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ക്രൂയിസ് കൺട്രോൾ ഓഫ് ചെയ്യാനും വാഹനം നിർത്തി പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തിറങ്ങാനും ഡ്രൈവർക്ക് കഴിഞ്ഞു.
വാഹനമോടിക്കുന്നവരോട് ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അവരുടെ വാഹനങ്ങൾ പതിവായി പരിശോധിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ 999 ഡയൽ ചെയ്ത് ഓപ്പറേഷൻ സെൻ്ററുമായി ബന്ധപ്പെടാനും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.






