2024-ൽ രണ്ട് ഇന്ത്യക്കാരെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചതിന് ഒരു പാക് പൗരനെ ഒരു വർഷം തടവിനും, 300,000 ദിർഹം പിഴയടക്കാനും, ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
2024 ഏപ്രിലിൽ മാസത്തിലാണ് സംഭവം നടന്നത്. പ്രതിയായ 28 കാരനായ പാകിസ്ഥാൻകാരൻ, തൻ്റെ കൂട്ടാളികളോടൊപ്പം ദുബായിലെ അൽ മുറാഖബാത്ത് ഏരിയയിലെ ഒരു പ്രത്യേക സ്ഥലത്തെത്തി രണ്ട് ഇന്ത്യക്കാരെ കത്തി ചൂണ്ടി 296,300 ദിർഹം വിലമതിക്കുന്ന 100 മൊബൈൽ ഫോണുകളും 10,000 ദിർഹം വിലമതിക്കുന്ന 62 വാച്ചുകളും അടങ്ങുന്ന ഏഴ് പെട്ടികൾ കൊള്ളയടിക്കുകയായിരുന്നു. ഒരു ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനിയിൽ നിന്ന് സാധനങ്ങൾ അടങ്ങിയ പെട്ടികളാണ് സംഘം മോഷ്ടിച്ചത്. ഈ ഉൽപ്പന്നങ്ങളിൽ ഉയർന്ന നിലവാരമുള്ള സാംസങ്, ഐഫോൺ മൊബൈൽ ഫോണുകളും ആഡംബര വാച്ചുകളും ഉണ്ടായിരുന്നു. പെട്ടികൾ കൂടാതെ ഇവരുടെ സ്വകാര്യ സാധനങ്ങളും പ്രതികൾ കവർന്നു.
ആദ്യ ഇരയായ ഇന്ത്യൻ പൗരനിൽ നിന്ന് പച്ച സാംസങ് അൾട്രാ എസ് 22 മൊബൈൽ ഫോൺ, എമിറേറ്റ്‌സ് ഐഡി, ദുബായിൽ നൽകിയ ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് ബാങ്ക് കാർഡുകൾ, ഒരു കാറിൻ്റെ താക്കോൽ, 17,400 ദിർഹം എന്നിവയും മോഷ്ടിച്ചു. ഇന്ത്യക്കാരനായ രണ്ടാമത്തെ ഇരയിൽ നിന്ന് എമിറേറ്റ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, 40 ദിർഹം പണവും ഹോണർ 98 ഫോണും അടങ്ങിയ നീല നൈക്ക് വാലറ്റും മോഷ്ടിച്ചു.
ഈ വസ്തുക്കളുമായി സംഘം രക്ഷപ്പെട്ടെങ്കിലും പാക് പൗരനായ പ്രതിയെ പിടികൂടാൻ ദുബായ് പോലീസിന് കഴിഞ്ഞു, അതേസമയം ഇയാളുടെ കൂട്ടാളികൾ ഒളിവിലാണ്.