ദുബായുടെ സമുദ്ര ഗതാഗത ശൃംഖല നവീകരിക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഫോർത്ത് ജനറേഷൻ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു. പുതുതായി പുനർരൂപകൽപ്പന ചെയ്ത അബ്രകളിൽ 24 പേർക്ക് യാത്ര ചെയ്യാനാകും. മുൻകാല അബ്രകളിൽ 20 പേർക്കുള്ള കപ്പാസിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളു.
കൂടാതെ ഫോർത്ത് ജനറേഷൻ അബ്രകൾ ദുബായ് യൂണിവേഴ്സൽ ഡിസൈൻ കോഡ് പൂർണ്ണമായും പാലിക്കുകയും എല്ലാവർക്കും സുരക്ഷയും പ്രവേശനക്ഷമതയും സൗകര്യവും ഉറപ്പാക്കുകയും ചെയ്യുന്നു. മെച്ചപ്പെടുത്തിയ ഇരിപ്പിടങ്ങൾ, മെച്ചപ്പെട്ട ഫ്ലോറിംഗ്, ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇടങ്ങളുള്ള കൂടുതൽ കാര്യക്ഷമമായ ലേഔട്ട് എന്നിവയും ഉൾപ്പെടുന്നു.
കടൽ ഗതാഗതത്തെ വിശാലമായ പൊതുഗതാഗത സംവിധാനവുമായി സമന്വയിപ്പിച്ചുകൊണ്ട് ദൈനംദിന യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഈ നീക്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറൈൻ ടൂറിസം വർദ്ധിപ്പിക്കാനും ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഒരു ലോകോത്തര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ പ്രശസ്തി വർദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.