യുഎഇക്കും ഒമാനും ഇടയിൽ പുതിയ കരാതിർത്തി തുറക്കുന്നു. ഒമാൻ്റെ വടക്കൻ ഗവർണറേറ്റായ മുസണ്ടമിനേയും യുഎഇയിലെ ഫുജൈറ എമിറേറ്റിനെയും ബന്ധിപ്പിക്കുന്ന ദിബ്ബ അതിർത്തി ഇന്ന് ബുധനാഴ്ച ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ മുസണ്ടമിലേക്ക് അയൽ രാഷ്ട്രത്തിൽ നിന്നും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കരാതിർത്തി മാർഗം തുറക്കുന്നത്. ഇരു രാജ്യങ്ങളിലെയും പൗരൻമാരുടെയും താമസക്കാരുടെയും യാത്ര സുഗമമാക്കുന്നതിനും ഈ പുതിയ കരാതിർത്തി സഹായകമാകും.