താമരശ്ശേരിയിലെ സംഘർഷത്തിൽ വിദ്യാർഥികളുടെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിൻ്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ട്, തലച്ചോറിന് ക്ഷതമേറ്റിട്ടുമുണ്ട്. ആയുധം കൊണ്ടുള്ള മുറിവാണിത്.
ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന രീതിയിൽ കുട്ടികൾ തമ്മിലുള്ള വാട്സാപ്പ്, ഇൻസ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിരുന്നു.
എലൈറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി മുഹമ്മദ് ഷഹബാസ് ആണ് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവൻ നിലനിർത്താൻ ആയത്.