വിമാനയാത്രയ്ക്കിടെ ശുചിമുറികൾ തകരാറിലായതിനെത്തുടർന്ന് അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പത്ത് മണിക്കൂറോളം പറന്ന ശേഷം തിരിച്ചിറക്കി. മാര്‍ച്ച് ആറിന് ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട AI126, Boeing 777 വിമാനം സാങ്കേതിക കാരണം കൊണ്ട് തിരിച്ചിറക്കിയെന്നാണ് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞത്.
പിന്നീട് എയർലൈൻ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം 12 ശുചിമുറികളിലെ 11 എണ്ണവും യാത്രയ്ക്കിടെ തകരാറിലായിരുന്നതായി കണ്ടെത്തിയിരുന്നു. യാത്രക്കാരുടെ അവസ്ഥ കണക്കിലെടുത്താണ് ഇങ്ങനെ തീരുമാനമെടുത്തതെന്നും എയർലൈൻ വ്യത്തങ്ങൾ വ്യക്തമാക്കി. രാത്രി നിയന്ത്രണമുള്ളതിനാലാണ് മറ്റ് ഇടത്താവളങ്ങളിൽ ഇറക്കാതെ തിരിച്ചിറങ്ങിയതെന്നാണ് റിപ്പോർട്ട്.
ശുചിമുറികളില്‍ നിന്ന് പോവുന്ന പൈപ്പുകളിലെല്ലാം പോളിത്തീന്‍ കവര്‍, വലിയ തുണി,പുതപ്പ് മുതലായ അജൈവ വസ്തുക്കള്‍ കുടുങ്ങി കിടന്നതാണ് ശുചിമുറി പ്രവര്‍ത്തനരഹിതമാവാനുള്ള കാരണം. ഇത്രയധികം മാലിന്യം കുടുങ്ങിയതിനാല്‍ ശുചിമുറികള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലുമായി.