ദുബായ് കെയേഴ്‌സിന് 1 മില്യൺ ദിർഹം സംഭാവന നൽകി ലുലു ഗ്രൂപ്പ്

യു എ ഇ ആസ്ഥാനമായുള്ള ആഗോള ജീവകാരുണ്യ സംഘടനയായ ദുബായ് കെയേഴ്‌സിന് 1 മില്യൺ ദിർഹം സംഭാവന നൽകി ലുലു ഗ്രൂപ്പ്. ദുബായ് കെയേഴ്സുമായുള്ള പങ്കാളിത്തം വ്യാപിപ്പിച്ചുകൊണ്ട് ആഗോള മാനുഷിക സംരംഭങ്ങളോടുള്ള പ്രതിബദ്ധതയാണ് സംഭാവനയിലൂടെ ലുലു ഗ്രൂപ്പ് ഉയർത്തിക്കാട്ടുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ദുബായ് കെയേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വൈസ് ചെയർമാനുമായ ഡോ. താരിഖ് അൽ ഗുർഗിന് ഒരു ദശലക്ഷം ദിർഹം സംഭാവന കൈമാറി. ദുബായിലുള്ള ദുബായ് കെയേഴ്സിന്റെ ഓഫീസിൽ നടന്ന യോഗത്തിൽ വെച്ചായിരുന്നു സംഭാവന കൈമാറിയത്. വിദ്യാഭ്യാസത്തിലൂടെ ലോകമെമ്പാടുമുള്ള പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെയും യുവാക്കളെയും ശാക്തീകരിക്കാനുള്ള സംഘടനയുടെ ശ്രമങ്ങളെ പിന്തുണച്ചാണ് ലുലു ഗ്രൂപ്പിന്റെ നടപടി.

ദുബായ് കെയേഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ അഭിമാനമുണ്ടെന്ന് എം എ യൂസഫലി വ്യക്തമാക്കി. 2017 ലാണ് ലുലു ഗ്രൂപ്പ് ദുബായ് കെയേഴ്‌സിനെ പിന്തുണയ്ക്കാൻ ആരംഭിച്ചത്. 2017 ൽ പ്രഖ്യാപിച്ച 10 മില്യൺ ദിർഹത്തിന്റെ പ്രതിജ്ഞയുടെ ഭാഗമായാണ് ലുലു ഗ്രൂപ്പ് ദുബായ് കെയേഴ്‌സിന് സംഭാവന നൽകുന്നത്.

ദുബായ് കെയേഴ്സുമായുള്ള തങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഈ പ്രവർത്തനങ്ങൾ വളരെയധികം സ്വീധീനിച്ചിട്ടുണ്ടെന്നും യൂസഫലി അഭിപ്രായപ്പെട്ടു.

ലുലു ഗ്രൂപ്പിന്റെ തുടർച്ചയായ പിന്തുണയ്ക്ക് ഡോ. താരിഖ് അൽ ഗുർഗ് നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളും യുവാക്കളും ദാരിദ്ര്യം, സംഘർഷം, വിഭവങ്ങളുടെ അഭാവം തുടങ്ങിയ കാരണങ്ങളാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിൽ കാര്യമായ തടസ്സങ്ങൾ നേരിടുന്നു. ഈ വെല്ലുവിളികൾ വ്യക്തിഗത വളർച്ചയെ തടസ്സപ്പെടുത്തുക മാത്രമല്ല, മുഴുവൻ സമൂഹത്തിന്റെയും അഭിവൃദ്ധി പ്രാപിക്കാനുള്ള സാധ്യതയെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ദുബായ് കെയേഴ്സിന്റെ ദൗത്യത്തോടുള്ള ലുലു ഗ്രൂപ്പിന്റെ തുടർച്ചയായ പിന്തുണയും പ്രതിബദ്ധതയും ഈ വെല്ലുവിളികളെ നേരിടുന്നതിനും ആവശ്യമുള്ളവർക്ക് പഠന അവസരങ്ങൾ നൽകുന്നതിനുമുള്ള തങ്ങളുടെ ശ്രമങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും വരും തലമുറകൾക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിലും സഹകരണത്തിന്റെയും പങ്കിട്ട ഉത്തരവാദിത്തത്തിന്റെയും മാതൃകയായി ലുലു ഗ്രൂപ്പുമായുള്ള ഈ പങ്കാളിത്തത്തെ തങ്ങൾ വിലമതിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!