മോസ്കോ: റഷ്യ-യുക്രൈൻ സംഘർഷത്തിൽ സമാധാനമുണ്ടാക്കാൻ ശ്രമം നടത്തിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് രാഷ്ട്രത്തലവന്മാർക്കും നന്ദിയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. യുക്രൈനുമായി 30 ദിവസത്തെ വെടിനിർത്തലിന് യുഎസ് മുന്നോട്ടുവെച്ച നിർദേശം തത്ത്വത്തിൽ അംഗീകരിക്കുന്നതായി അറിയിച്ചതിനു പിന്നാലെയാണ് പുതിൻ്റെ പ്രതികരണം.
‘യുക്രൈൻ വിഷയം ഒത്തുതീർപ്പാക്കുന്നതിൽ ഇത്രയധികം ശ്രദ്ധ ചെലുത്തിയതിന് അമേരിക്കൻ പ്രസിഡൻ്റ് മിസ്റ്റർ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ ഇടപെട്ട ചൈനീസ് പ്രസിഡന്റ്, ഇന്ത്യൻ പ്രധാനമന്ത്രി, ബ്രസീൽ പ്രസിഡൻ്റ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എന്നിവരടക്കമുള്ള ലോകനേതാക്കൾക്കെല്ലാം നന്ദി’ പുതിൻ പറഞ്ഞു.