ദുബായ്. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻ്റ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഇരുപത് ദശലക്ഷം ദിർഹ (48 കോടിയോളം രൂപ) മാണ് എൻഡോവ്മെൻ്റ് പദ്ധതിക്ക് വേണ്ടി യൂസഫലി നൽകിയത്.
പിതാക്കന്മാരെ ആദരിക്കുന്നതിനും അര്‍ഹരായവര്‍ക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നല്‍കുന്നതിനുമാണ് ശൈഖ് മുഹമ്മദ് ഒരു ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള ഒരു സുസ്ഥിര എന്‍ഡോവ്‌മെന്റ് ഫണ്ടായ ഫാദേഴ്സ് എൻഡോവ്മെൻ്റ് ഈ റമദാനിൽ പ്രഖ്യാപിച്ചത്. റമദാനിൽ ജീവകാരുണ്യ, മാനുഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രവര്‍ത്തന തുടര്‍ച്ചയാണ് ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.