ഗൾഫ് മേഖലയിലെ ഇവന്റ് രംഗത്ത് സൗണ്ട് & ലൈറ്റ് മേഖലയിലെ പ്രമുഖനായ മലയാളി ഹരി നായർ (49) അന്തരിച്ചു.
നേരത്തെ ദുബായ് കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിച്ചിരുന്ന മീഡിയ ക്രാഫ്റ്റ് എന്ന സൗണ്ട് & ലൈറ്റ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജർ ആയിരുന്നു ഹരി നായർ, പിന്നീട് ഖത്തറിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച ഹരി നായർ, സ്വന്തമായി ലൈറ്റ് & സൗണ്ട് പ്രൊഡക്ഷൻ കമ്പനി രൂപീകരിക്കുകയും ഒരു പാർട്ണർഷിപ്പിൽ മുന്നോട്ടുപോകുകയുമായിരുന്നു. ഇന്ത്യയിൽ പ്രമുഖനിലയിലുള്ള നിരവധി സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നതിൽ ലൈറ്റ് & സൗണ്ട് രംഗത്ത് കനത്ത സംഭാവനകൾ ഹരി നായർ നൽകിയിട്ടുണ്ട്. വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകൾക്ക് സൗണ്ട് & ലൈറ്റിന്റെ ഡയറക്ഷൻ നിർവഹിക്കാനുള്ള അവസരവും ഹരി നായർക്ക് ലഭിച്ചിട്ടുണ്ട്.
ഖത്തറിൽ പ്രവർത്തനമേഖലയിൽ മുന്നോട്ട് പോകവേ ആരോഗ്യാവസ്ഥ മോശമാകുകയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ICU വിലായിരുന്നു. കരൾ സംബന്ധമായ അസുഖമായിരുന്നെന്ന് പറയപ്പെടുന്നു. ഇന്ന് മാർച്ച് 21 വെള്ളിയാഴ്ച വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
ഖത്തർ ലോക്കൽ ന്യൂസ്, ദുബായ് വാർത്ത എന്നീ ഓൺലൈൻ ചാനലുകളുടെ മാതൃസ്ഥാപനമായ ഏഷ്യവിഷൻ നടത്തിയിട്ടുള്ള വിവിധ അവാർഡ് നൈറ്റ് അടക്കമുള്ള സ്റ്റേജ് ഷോകളിൽ നിരവധി തവണ സൗണ്ട് & ലൈറ്റ് പ്രൊഡക്ഷൻ ഡിസൈനിങ് മേഖലയിൽ നായകത്വം വഹിച്ചിരുന്നു ഹരി നായർ.