അൽ ഐനിൽ വീടിനകത്തുണ്ടായ തീപിടിത്തിൽ മൂന്ന് എമിറാത്തി കുട്ടികൾ ശ്വാസംമുട്ടി ദാരുണമായി മരിച്ചു. തിയാബ് സയീദ് മുഹമ്മദ് അൽ കാബി (13), സലേം ഗരിബ് മുഹമ്മദ് അൽ കാബി (10), ഇളയ സഹോദരൻ ഹാരിബ് (6) എന്നീ കുട്ടികളാണ് അൽ ഐനിൽ മുത്തച്ഛന്റെ വീട്ടിൽ വെച്ച് മരണപ്പെട്ടത്.
ഇന്ന് വെള്ളിയാഴ്ച രാവിലെ 9:30 ഓടെ നഹിൽ പ്രദേശത്തുള്ള അൽ കാബി കുടുംബത്തിലാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്. കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന മുറികളിലൊന്നിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. പുക വേഗത്തിൽ പടർന്നതോടെ, ശ്വാസം മുട്ടിയാണ് 3 പേരുടെയും മരണം സംഭവിച്ചത്.
തീപിടുത്തമുണ്ടായ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും മുത്തച്ഛൻ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുത്തച്ഛന് ചെറിയ പൊള്ളലേറ്റിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. അതേസമയം, തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.