ദുബായ് : ദുബായ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനി ഐസിഎൽ ഫിൻകോർപ് (ICL GROUP ) കഴിഞ്ഞദിവസം ദുബായ് ഗ്രാൻഡ് ഹയാത്തിലെ ബനിയാസ് ബാൾ റൂമിൽ നടത്തിയ ഇഫ്താർ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഐസിഎൽ ഫിൻകോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും, ലാറ്റിൻ അമേരിക്ക കരീബിയൻ രാജ്യങ്ങളുടെ ഗുഡ് വിൽ അംബാസിഡറും ആയ അഡ്വക്കേറ്റ് കെ ജി അനിൽകുമാർ, ഐസിഎൽ ഗ്രൂപ്പിന്റെ ഹോൾടൈം ഡയറക്ടറായ ഉമാ അനിൽകുമാർ, ഐസിഎൽ ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസിന്റെ ഡയറക്ടർ അമൽ ജിത് എ മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇഫ്താർ ഒരുങ്ങിയത്.
യുഎഇയിലെ ബിസിനസ് -ട്രേഡ് -കലാസാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരും ഇഫ്താറിൽ സംബന്ധിച്ചു. നിരവധി അറബ് പ്രമുഖരും ഇഫ്‌താറിൽ പങ്കെടുത്തു.ഗ്രാൻഡ് ഹയാത്തിന്റെ വിഭവ സമൃദ്ധമായ നൂറിലധികം ഇനങ്ങൾ ഉൾപ്പെട്ട ബുഫെയാണ് അതിഥികൾക്ക് വേണ്ടി ഐ സി എൽ ഗ്രൂപ്പ് ഒരുക്കിയിരുന്നത്.
സൗഹാർദ്ദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ശീലം കുട്ടികാലം മുതൽ മലയാളി സമൂഹം എന്ന രൂപത്തിൽ തങ്ങളിൽ ഉണ്ടായിരുന്നെന്നും കാലം കഴിയുംതോറും ആ സൗഹാർദ്ദ അന്തരീക്ഷം ആഗോള മെട്രോ നഗരങ്ങളിലും ശക്തമായി തുടരുകയാണെന്നും അഡ്വ. കെ ജി അനിൽകുമാർ തന്റെ ആമുഖ സന്ദേശത്തിൽ വ്യക്‌തമാക്കി.
റമദാന്റെ അവസാന പത്ത് ദിവസങ്ങളിലൂടെ കടന്നു പോകുന്ന ഈ സമയത്ത് പുണ്യമുള്ള വാക്കും, പ്രവൃത്തിയും, പ്രാർത്ഥനകളും കൂടുതൽ ഫലവത്താകും എന്ന വിശ്വാസത്തിൽ യുഎഇയിലെ പൊതു സാമൂഹിക രീതികളോട് പൊരുത്തപ്പെട്ട് പ്രവർത്തിക്കുന്ന ഐ സി എൽ ഗ്രൂപ്പ് സാമൂഹിക ബന്ധങ്ങൾ ശക്തമാക്കാൻ ശ്രമിക്കുകയാണെന്നും അഡ്വ അനിൽകുമാർ അറിയിച്ചു.
തന്റെ പ്രസംഗത്തിൽ, നാട്ടിൽ ഇരിങ്ങാലക്കുടയിൽ കുട്ടിക്കാലത്തുള്ള വിവിധ മതക്കാർക്കിടയിൽ നില നിന്നിരുന്ന സൗഹാർദ്ദ അന്തരീക്ഷത്തെ ഓർമ്മിക്കുകയും പ്രശംസിക്കുകയും ചെയ്തു. ചടങ്ങിൽ സംബന്ധിച്ച ആയിരത്തോളം അതിഥികളുമായി നേരിട്ടുള്ള സംഭാഷണങ്ങൾക്കും ഐ സി എൽ ദുബായ് ഇഫ്താർ സംഗമം വേദിയായി.