റമദാൻ മാസത്തിൽ ദുബായ് പോലീസുമായി സഹകരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ദുബായിലുടനീളമുള്ള വാഹനമോടിക്കുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
നോമ്പ് തുറക്കുന്ന സമയത്ത് ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന വ്യക്തികൾക്ക് അവശ്യ ഇഫ്താർ കിറ്റുകൾ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ദുബായിലെ അഞ്ച് പ്രധാന ട്രാഫിക് ജംഗ്ഷനുകളിലായി ആസ്റ്റർ വോളണ്ടിയേഴ്സും കമ്മ്യൂണിറ്റി അംഗങ്ങളും ഉൾപ്പെടെ 100-ലധികം വളണ്ടിയേഴ്സ് ഈ കിറ്റുകൾ വിതരണം ചെയ്തുവരികയാണ്.
ആസ്റ്റർ ഹോസ്പിറ്റൽസ് & ക്ലിനിക്കുകൾ, ആസ്റ്റർ ഫാർമസീസ് എന്നിവിടങ്ങളിലെ ജീവനക്കാരും 30 ദിവസത്തിനുള്ളിൽ 150,000 ഇഫ്താർ ബോക്സുകൾ നൽകുന്ന കമ്മ്യൂണിറ്റി വളണ്ടിയർമാരും വളണ്ടിയർമാരിൽ ഉൾപ്പെടുന്നു. ദുബായിലുടനീളം പ്രതിദിനം ശരാശരി 5,000 ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യപ്പെടുന്നുണ്ട്. ഈ ബോക്സുകളിൽ ഒരു പാക്കറ്റ് ഈത്തപ്പഴം, വെള്ളം, ഒരു കേക്ക്, ജ്യൂസ് എന്നിവയാണ് അടങ്ങിയിട്ടുള്ളത്.
ആറാം വർഷത്തിലേക്ക് കടക്കുന്ന ഈ കാമ്പയിൻ, ദുബായ് പോലീസുമായി സഹകരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സ് ആണ് നയിക്കുന്നത്.