അന്താരാഷ്ട്ര സംരംഭകത്വ ലീഗ് പട്ടികയിൽ തുടർച്ചയായ നാലാം വർഷവും യുഎഇ ഒന്നാം സ്ഥാനം നിലനിർത്തി, യുഎസ്, യുകെ, ദക്ഷിണ കൊറിയ തുടങ്ങിയ പ്രധാന സമ്പദ്‌വ്യവസ്ഥകളെ മറികടന്നാണ് യുഎഇ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ (Gem) 2024/25-റിപ്പോർട്ട് പ്രകാരമാണ് ലോകത്തിലെ മുൻനിര ബിസിനസ് ഹബ്ബ് എന്ന അംഗീകാരം യുഎഇക്ക് ലഭിച്ചത്.
13 പ്രധാന സൂചകങ്ങളിലൂടെ ഒരു രാജ്യത്തിന്റെ സംരംഭകത്വ അന്തരീക്ഷത്തിന്റെ ഗുണനിലവാരം അളക്കുന്ന ജെമിന്റെ നാഷണൽ എന്റർപ്രണർഷിപ്പ് കോൺടെക്സ്റ്റ് സൂചികയിലും രാജ്യം ഒന്നാം സ്ഥാനത്തെത്തി. ഈ വർഷം വിലയിരുത്തിയ 56 സമ്പദ്‌വ്യവസ്ഥകളിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഏറ്റവും മികച്ച രാജ്യമായി യുഎഇയെ റിപ്പോർട്ട് റാങ്ക് ചെയ്തു.