ദുബായ്: ദുബായ് എമിറേറ്റിൽ ഹൈപ്പർ മാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും ഉൾപ്പെടെ വിവിധ റീട്ടെയിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനായി ദുബായ് ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി.
ദുബായ് ഔഖാഫ് ആൻഡ് മൈനേഴ്സ് അഫേഴസ് ഫൗണ്ടേഷൻ ചെയർമാൻ ഈസ അബ്ദുള്ള അൽ ഗുറൈർ, ലുലു ഗ്രുപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ദുബായ് ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുത്തവ, ലുലു റീട്ടെയ്ൽ ഗ്ലോബൽ ഓപ്പറേഷൻ ഡയറക്ടർ എം. എ സലിം എന്നിവർ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബായ് അൽ ഖവാനീജ് 2 ൽ തുടങ്ങും.
ഫൗണ്ടേഷൻറെ പ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കുന്നതിനൊപ്പം സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകിയുള്ള ദുബായിയുടെ വികസനത്തിന് കൂടി കരുത്ത്പകരുന്നതാണ് ലുലുവിൻറെ പങ്കാളിത്വമെന്ന് ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുത്തവ പറഞ്ഞു. ലുലുവുമായി സഹകരിച്ച് ദുബായിൽ ഷോപ്പിങ്ങ് കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനൊപ്പം ഇതിലൂടെയുള്ള വരുമാനം ഫൗണ്ടേഷൻറെ സാമൂഹിക സേവനത്തിന് വേഗത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഔഖാഫ് പദ്ധതികളുടെ ആഗോള കേന്ദ്രമായി ദുബായിയെ വാർത്തെടുക്കുന്നതിനുള്ള ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശമനുസരിച്ചാണ് സ്വകാര്യ മേഖലയുമായി ചേർന്നുള്ള ഈ കാൽവെയ്പ്പെന്ന് അലി അൽ മുത്തവ കൂട്ടിചേർത്തു.
റീട്ടെയിൽ സേവനങ്ങൾ നൽകുന്നതിനായി ലുലുവിനെ തിരഞ്ഞെടുത്തതിൽ ദുബായ് ഭരണ നേതൃത്വത്തിനും ദുബായ് ഔഖാഫിനും യൂസഫലി നന്ദി പറഞ്ഞു. ഔഖാഫിൻ്റെ വിവിധ പദ്ധതികളിൽ ഹൈപ്പർ മാർക്കറ്റുകളുൾപ്പെടെ റീട്ടെയ്ൽ സേവനങ്ങൾ കൂടുതൽ വിപുലമായി പൊതു സമൂഹത്തിന് ലഭ്യമാക്കുന്നതിന് ഔഖാഫും ലുലുവും തമ്മിലുള്ള സഹകരണം വഴിതുറക്കുമെന്നും യൂസഫലി പറഞ്ഞു.