ഇന്ത്യയിലെ പ്രീമിയം മാനേജ്‌മെൻ്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് ദുബായിൽ ക്യാംപസ് വരുന്നു. (IIM) അഹമ്മദാബാദാണ് ദുബായിൽ രാജ്യാന്തര ക്യാംപസ് തുടങ്ങുക. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൻ്റെ (IIFT) ആദ്യ ക്യാമ്പസും ദുബായിൽ ആരംഭിക്കും. അഹമ്മദാബാദ് ഐഐഎം ഡയറക്ടർ പ്രൊഫസർ ഭാരത് ഭാസ്‌കർ, ദുബൈ ഡിപാർട്മെന്റ് ഓഫ് ഇകോണമി ആൻ്റ് ടൂറിസം ഡയറക്ടർ ജനറൽ ഹെലാൽ സഈദ് അൽ മർറി എന്നിവരാണ് ഐഐഎമ്മുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഒരു വർഷത്തെ മുഴുസമയ എംബിഎ പ്രോഗ്രാം നൽകുന്ന സ്ഥാപനമാകും ദുബായ് ഐഐഎം. വർക്കിങ് പ്രൊഫഷണലുകൾക്കും സംരംഭകർക്കും കോഴ്‌സിൽ ചേരാനാകും.