കുടുംബാംഗത്തിന്റെ മരണ വാർത്തയ്ക്ക് പിന്നാലെ ദുബായ് എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടപ്പോൾ മറന്ന് വെച്ച 102,000 ദിർഹം പണവും പാസ്‌പോർട്ടും അടങ്ങിയ ബാഗ് 30 മിനിറ്റിനുള്ളിൽ കണ്ടെത്തി നൽകി ദുബായ് പോലീസ്.
ഒരു കുടുംബാംഗം മരിച്ചുവെന്ന വാർത്തയെത്തുടർന്ന് കുവൈറ്റിൽ നിന്നുള്ള രണ്ട് സഹോദരന്മാർ ദുബായ് എയർപോർട്ട് വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൃത്യസമയത്ത് തിരിച്ചെത്താൻ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യാനും വിമാനത്തിൽ കയറാനുമുള്ള തിരക്കിനിടയിൽ, പണവും പാസ്‌പോർട്ടുകളും മറ്റ് സ്വകാര്യ വസ്തുക്കളും നിറഞ്ഞ ബാഗ് അവർ എയർപോർട്ടിൽ മറന്ന് പോകുകയായിരുന്നു.
വിമാനത്തിൽ കയറിയപ്പോൾ, ബാഗ് കളഞ്ഞു പോയതായും അവർക്ക് മനസ്സിലായി, വിമാനത്താവളത്തിൽ തങ്ങളെ ഇറക്കാൻ വന്ന സഹോദരിയെ പെട്ടെന്ന് വിവരം അറിയിക്കുകയായിരുന്നു. ബാഗ് നഷ്ടപ്പെട്ട വിവരം സഹോദരി ഉടൻ തന്നെ വിമാനത്താവളത്തിലെ പോലീസ് ഓഫീസിലും അറിയിച്ചു.റിപ്പോർട്ട് ഫയൽ ചെയ്ത് 30 മിനിറ്റിനുള്ളിൽ, ദുബായ് പോലീസ് എമിറേറ്റ് വിമാനത്താവളത്തിലെ ടെർമിനൽ 1 ൽ 102,000 ദിർഹം പണമായി നിറച്ച ഒരു ബാഗ് കണ്ടെത്തി
ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്, പ്രത്യേക സംഘങ്ങൾ ബാഗ് വേഗത്തിൽ കണ്ടെത്തുകയും വെറും 30 മിനിറ്റിനുള്ളിൽ അവരുടെ സഹോദരിക്ക് അത് എത്തിക്കുകയും ചെയ്തതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ഹമൂദ ബെൽസുവൈദ അൽ അമേരി പറഞ്ഞു.
ഇത്തരം കേസുകൾ കാര്യക്ഷമമായും കൃത്യമായും കൈകാര്യം ചെയ്യുന്ന ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ടീമിന്റെ വൈദഗ്ധ്യത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. മുൻകാലങ്ങളിൽ, നഷ്ടപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടതായി ഉടമകൾ തിരിച്ചറിയുന്നതിനു മുമ്പുതന്നെ ദുബായ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ദുബായ് വിമാനത്താവളങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ നിലനിർത്തുന്നതിനുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധത അൽ അമേരി ആവർത്തിച്ച് വ്യക്തമാക്കി. എല്ലാത്തരം റിപ്പോർട്ടുകളും കൈകാര്യം ചെയ്യാൻ ഞങ്ങളുടെ ടീമുകൾ പൂർണ്ണമായും സജ്ജരാണെന്നും, തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുകയും ദുബായിൽ യാത്ര ചെയ്യുന്ന സമയത്ത് യാത്രക്കാരുടെ സുഖവും സംതൃപ്തിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.