വെയ്ക് കണ്ണൂര്‍ എക്‌സ്‌പോ 2025 ന് നാളെ ദുബായിൽ തുടക്കം

Wake Kannur Expo 2025 begins in Dubai tomorrow

ദുബായ് കണ്ണൂരിന്റെ സമഗ്രവികസനം വ്യവസായ നിക്ഷേപങ്ങളിലൂടെ സാക്ഷാത്കരിക്കാനായി യുഎഇയിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ വെയ്ക്ക് (വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ ഡിസ്ട്രിക്ട് എക്‌സ്പാട്രിയേറ്റ്‌സ് സൊസൈറ്റി) ഇക്കണോമിക്ക് ഫോറം സംഘടിപ്പിക്കുന്ന കണ്ണൂര്‍ എക്‌സ്‌പോ 2025 ഏപ്രില്‍ 19 ശനിയാഴ്ച തുടക്കമാകും. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികള്‍ എത്തിതുടങ്ങി.അതിഥികളെ സ്വീകരിക്കാൻ ജനറൽ കൺവീനർ നൂറുദീൻ, പ്രോഗ്രാം കൺവീനർ സതീഷ്, സെക്രട്ടറി അബ്ദുൽ അസീസ്,ട്രഷറർ വിനോദ്എ ന്നിവർ സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടായിരുന്നു

ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് 4.30 വരെ ദുബായ് ദേര സിറ്റിസെന്ററിലെ പുള്‍മാന്‍ ഹോട്ടലില്‍ നടക്കുന്ന ബിസിനസ് കോണ്‍ക്ലേവില്‍ കേരള ആരോഗ്യ – സാമൂഹികക്ഷേമവകുപ്പ് മന്ത്രി വീണാജോര്‍ജ് പങ്കെടുക്കും.

കൂടാതെ എംപിമാരായ പി. സന്തോഷ് കുമാര്‍, വി. ശിവദാസന്‍ ,കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസലിഹ് മഠത്തില്‍,ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് ശ്രീ പി ഇന്ദിര ,മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍, അഡ്വ. ഹാരീസ് ബീരാന്‍, മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍, എം.പി. ഹസന്‍ കുഞ്ഞി, ഡോ.ടി. പി. സേതുമാധവന്‍, സംരംഭക ഷീല കൊച്ചൗസേപ്പ്, മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ്, മുഹമ്മദ് മദനി, നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.കെ. കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.

വര്‍ത്തമാനകാല വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ട് കേരളത്തിന്റെ വളര്‍ച്ചയും ഭാവി സംരംഭങ്ങളും, കേരളത്തിന്റെ വളര്‍ച്ചയില്‍ കണ്ണൂരില്‍ നിന്നുള്ള പ്രവാസികളുടെ പങ്ക്, വിദേശങ്ങളിലേക്ക് കേരളത്തില്‍നിന്നുള്ള കുടിയേറ്റം വര്‍ധിക്കാന്‍ കാരണം, കണ്ണൂര്‍ വിഷന്‍ 2035 എന്നിങ്ങനെ നാല് സെഷനുകളായാണ് ബിസിനസ് കോണ്‍ക്ലേവ് നടക്കുക. കണ്ണൂരിലെ ഉത്പാദന മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്താനുള്ള സാധ്യതകളും സെമിനാറില്‍ ചര്‍ച്ചചെയ്യും.

150 പ്രതിനിധികള്‍ പങ്കെടുക്കും. വൈകീട്ട് 5.30 മുതല്‍ ഖിസൈസ് ക്രസന്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ എക്‌സ്‌പോയില്‍ 30 ഓളം സ്ഥാപനങ്ങളുടെ സ്റ്റാളുകളുണ്ടാവും.

വെയ്ക്ക് ഇക്കണോമിക്ക് ഫോറം കണ്ണൂരില്‍ നടത്തുന്ന 11 സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഉള്‍പ്പെടും. ചെണ്ടമേളം, ശിങ്കാരിമേളം, പൊതുസമ്മേളനം, ഒപ്പന, ഗാനമേള തുടങ്ങി വിവിധ പരിപാടികളോടെ രാത്രി 11.30 ന് സമാപിക്കും.

ഞായറാഴ്ച വൈകീട്ട് നാലിന് എക്‌സ്‌പോ ആരംഭിക്കും. ഗായകന്‍ ഹരിശങ്കര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഗാനമേളയും മറ്റ് കലാപരിപാടികളുമുണ്ടാവും. ക്രസന്റ്‌റ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് രണ്ടുദിവസങ്ങളിലായി 5,000 ത്തിലേറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും പരിപാടികളിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും എന്നും കണ്ണൂര്‍ എക്‌സ്‌പോ വര്‍ക്കിങ് ചെയര്‍മാന്‍ എം.പി. മുരളി പറഞ്ഞു.