മാതാപിതാക്കളുമായുള്ള വഴക്കിനെ തുടർന്ന് വീട് വിട്ടിറങ്ങിയ കൗമാരക്കാരിയായ പെൺകുട്ടിയെ ദുബായ് പോലീസ് വീട്ടിലെത്തിച്ചു.
ദുബായിൽ ഒരു കൗമാരക്കാരിയായ പെൺകുട്ടിയും മാതാപിതാക്കളും തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ ദുബായ് പോലീസ് ഇടപെടേണ്ടി വന്നു. വഴക്കിനിടെ പെൺകുട്ടി വീട് വിട്ടിറങ്ങിപോകുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ നായിഫ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
തുടർന്ന് നായിഫ് സ്റ്റേഷനിലെ വിക്ടിം കമ്മ്യൂണിക്കേഷൻസ് യൂണിറ്റ് കൂട്ടുകാരിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ ബന്ധപ്പെടുകയും തുടർന്ന് ഇരു കക്ഷികളുടെയും കാഴ്ചപ്പാടുകൾ കേട്ട ശേഷം അവളുടെ കുടുംബവുമായി ഒരു അനുരഞ്ജന സെഷൻ നടത്തുകയും ചെയ്തു.
നിയമവിരുദ്ധമായ പ്രവൃത്തികളുടെയോ മറ്റേതെങ്കിലും പ്രവൃത്തികളുടെയോ ഫലമായുണ്ടാകുന്ന വിവിധ ക്രിമിനൽ, ഗതാഗത സംഭവങ്ങളിൽ, കുറ്റകൃത്യങ്ങളുടെയും ഗതാഗതത്തിന്റെയും റിപ്പോർട്ടുകൾ പിന്തുടരുക, ഇരകളെ അറിയിക്കുക, നിയമപരമായ ആവശ്യകതകൾക്കനുസൃതമായി അവർക്ക് പിന്തുണയും സഹായവും നൽകുക എന്നിവയാണ് വിക്ടിം കമ്മ്യൂണിക്കേഷൻസ് യൂണിറ്റ് ചെയ്യുന്നത്. ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആരംഭിച്ച ഒരു സാമൂഹികവും മാനുഷികവുമായ സംരംഭവുമാണിത്.
നായിഫ് പോലീസ് സ്റ്റേഷന്റെ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഒമർ അഷോർ, വിക്ടിം കമ്മ്യൂണിക്കേഷൻസ് യൂണിറ്റിലെ ജീവനക്കാരുടെ മാനുഷിക മനോഭാവത്തെയും കരുതലിനെയും, പ്രത്യേകിച്ച് സർജന്റ് സഹ്‌റ അബ്ദുൾ ഹമീദ് ഇഷാഖ്, കോർപ്പറൽ ഹസ്സൻ അലി അൽ ബലൂഷി എന്നിവരുടെ കുറഞ്ഞ സമയത്തിനുള്ളിൽ നടത്തിയ അക്ഷീണ പരിശ്രമത്തെയും അഭിനന്ദിക്കുകയും ചെയ്തു.