ഷാർജ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ ഏപ്രിൽ 13 ഞായറാഴ്ചയുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി കണ്ടെത്തി.
കെട്ടിടത്തിലെ ട്രാൻസ്‌ഫോർമറിലെ മെറ്റാലിക്, ഇലക്ട്രിക്കൽ സർക്യൂട്ടുകളുടെ താപനില അമിതഭാരം മൂലം ഉയർന്നതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സാമി അൽ നഖ്ബി പറഞ്ഞു.
അൽ നഹ്ദയിലെ 52 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലൊന്നിലാണ് തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എല്ലാ കെട്ടിട ലൈസൻസുകളും അംഗീകാരങ്ങളും അവലോകനം ചെയ്യുന്നതിനായി ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുന്നുണ്ടെന്നും, അശ്രദ്ധ തെളിഞ്ഞാൽ നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീപിടുത്തത്തെ പ്രതിരോധിക്കുന്നതല്ലാത്ത അലുമിനിയം ക്ലാഡിംഗ് നീക്കം ചെയ്യാനുള്ള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശങ്ങൾ “റെസിഡൻഷ്യൽ ടവർ തീയുടെ വ്യാപനം പരിമിതപ്പെടുത്താൻ സഹായിച്ചതായും അൽ നഖ്ബി പറഞ്ഞു