8 രാജ്യങ്ങളിലെ 22 സർവകലാശാലകളിൽ നിന്നുള്ള പഠിതാക്കൾക്കിടയിൽ നടത്തിയ കാലിഗ്രഫി മത്സരത്തിൽ ഷാർജ അൽ ഖാസിമിയ സർവകലാശാലയിലെ മലയാളി വിദ്യാർഥിനി മിസ്. മുസ്‌ലിഹ മുഹമ്മദ് അശ്റഫിനു രണ്ടാം സ്ഥാനം.
ഷാർജ: ഷാർജയിലെ അൽ ഖാസിമിയ സർവകലാശാലയിലെ മലയാളി വിദ്യാർഥിനി മുസ്‌ലിഹ മുഹമ്മദ് അശ്റഫ്, എട്ട് വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 22 സർവകലാശാലകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിൽ അഭിമാനകരമായ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അന്താരാഷ്ട്ര തലത്തിൽ വിവിധ അക്കാദമിക മേഖലകളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർഥിനികളെ അവരുടെ സർഗാത്മകത, വൈദഗ്ധ്യം, കഴിവുകൾ എന്നിവ പുറത്തുകൊണ്ടുവരുന്നതിനായി നടത്തിയ ഉയർന്ന തലത്തിലുള്ളതും കടുത്ത മത്സരം നിറഞ്ഞതുമായിരുന്നു പരിപാടി. മികച്ച പ്രകടനത്തിലൂടെയും ഉയർന്ന പ്രതിബദ്ധതയിലൂടെയും മുസ്‌ലിഹയ്ക്ക് ഈ സ്ഥാനം ലഭിച്ചത് അൽ ഖാസിമിയ സർവകലാശാലയ്ക്കും യുഎഇയിലെ വിദ്യാഭ്യാസ സമൂഹത്തിനും അഭിമാനകരമായ നേട്ടമാണ്.
യൂണിവേഴ്സിറ്റി അധികൃതർ മുസ്‌ലിഹയുടെ സമർപ്പിത പരിശ്രമങ്ങളെ പ്രശംസിച്ചു. ഈ നേട്ടം അക്കാദമിക മികവിനും അന്താരാഷ്ട്ര ഇടപെടലിനും സർവകലാശാല നല്കുന്ന ഊന്നലിനെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
വിദ്യാർഥിനി മുസ്‌ലിഹ, ഈ വിജയം സർവകലാശാലയിലെ തന്റെ പ്രൊഫസർമാർക്കും തന്നെ പിന്തുണച്ചവർക്കും സമർപ്പിക്കുന്നതായി നന്ദിപ്രകാശനത്തിൽ പറഞ്ഞു. “ഏറെ വെല്ലുവിളി നിറഞ്ഞതും ഒപ്പം നന്നായി പ്രചോദിപ്പിക്കുന്നതുമായ ഒരനുഭവമായിരുന്നു; ഇത്തരമൊരു അന്താരാഷ്ട്ര വേദിയിൽ എന്റെ സർവകലാശാലയെ പ്രതിനിധാനംചെയ്യാൻ കഴിഞ്ഞതിൽ ഒരു ഇന്ത്യക്കാരി വിശിഷ്യ മലയാളി എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനവും ചാരിതാർഥ്യവുമുണ്ട്..”
അവർ ചൂണ്ടിക്കാട്ടി.
ഇത്, വിദ്യാർഥിനി മുസ്‌ലിഹയുടെ വ്യക്തിപരമായ നേട്ടത്തിനപ്പുറം ആഗോള ഉന്നത വിദ്യാഭ്യാസ മേഖലയിൽ മിഡിൽ ഈസ്റ്റിലെ അക്കാദമിക സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരത്തിനും ഉയരങ്ങൾ കീഴക്കുന്ന പങ്കിനും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രവാസി ബിസിനസ്സുകാരനും മത-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ തൃശൂർ വടക്കെക്കാട് സ്വാദേശിയാണ് മുസ്‌ലിഹയുടെ പിതാവ് മുഹമ്മദ് അശ്റഫ്.