ഒരു വളർന്നുവരുന്ന സംയുക്ത ബിസിനസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ ഏഷ്യൻ ബിസിനസ് പങ്കാളിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയതിനും, മയക്കുമരുന്ന് കൈവശം വച്ചതിനും ഒരു പുരുഷനും ഭാര്യയ്ക്കും റാസൽഖൈമ കോടതി 10 വർഷം തടവും 50,000 ദിർഹം പിഴയും വിധിച്ചു.
കുറ്റകൃത്യത്തിൽ പങ്കുള്ളതിന് ഭാര്യയുടെ സഹോദരനും റാസൽ ഖൈമ ക്രിമിനൽ കോടതി 15 വർഷം തടവും 100,000 ദിർഹം പിഴയും വിധിച്ചു.
ഒരു ഭാര്യയും ഭർത്താവും, ഒരു ഏഷ്യൻ ബിസിനസ് പങ്കാളിയുമായി വിജയകരമായ ഒരു ബിസിനസ്സ് സംരംഭം ആരംഭിച്ചതിനുശേഷം, അത് പെട്ടെന്ന് ഗണ്യമായ ലാഭം നേടാൻ തുടങ്ങിയതിനെ തുടർന്ന് അത്യാഗ്രഹത്തിൽ മുങ്ങിയ ഭാര്യ, ബിസിനസ് പങ്കാളിയെ പുറത്താക്കി ലാഭം സ്വയം ഏറ്റെടുക്കാനുള്ള ഒരു മാർഗം കണ്ടെത്തുകയായിരുന്നു.
ബിസിനസ് പങ്കാളിയെ കുടുക്കാനായി ഭാര്യയുടെ സഹോദരനെ സമീപിച്ച് മയക്കുമരുന്ന് സംഘടിപ്പിക്കുകയും അത് ബിസിനസ് പങ്കാളിയുടെ വാഹനത്തിൽ ഒളിപ്പിച്ച് പോലീസിനെകൊണ്ട് പിടിപ്പിക്കാൻ ഉള്ള പദ്ധതിയാണ് ഒരുക്കിയിരുന്നത്. തുടർന്ന് ബിസിനസ് പങ്കാളിയെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടിക്കുകയും, പ്രാഥമിക മയക്കുമരുന്ന് പരിശോധനയിൽ അയാൾ ഒരു ലഹരിവസ്തുവും ഉപയോഗിച്ചിട്ടില്ലെന്ന് തെളിയുകയും ചെയ്തു.
എന്നാലും അന്വേഷണ ഉദ്യോഗസ്ഥർക്ക് അയാളിൽ സംശയം ഉണ്ടാകുകയായിരുന്നു. പിന്നീട് നടന്ന കൂടുതൽ ചോദ്യം ചെയ്യലിൽ ബിസിനസ് പങ്കാളിക്ക് തന്റെ ബിസിനസ് പങ്കാളികളായ ഭാര്യയും ഭർത്താവുമായി തർക്കങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തി. താനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാനാണ് അവർ ഇങ്ങനെ ചെയ്തതെന്നും പോലീസിനോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് , ഭാര്യയും ഭർത്താവും സമ്മതിച്ചു, ഭാര്യയുടെയും സഹോദരന്റെയും സഹായത്തോടെയാണ് താൻ ഗൂഢാലോചന നടത്തിയതെന്ന് ഭർത്താവ് സമ്മതിച്ചു. പിന്നീട് മൂന്നുപേരെയും ജുഡീഷ്യറിയിലേക്ക് റഫർ ചെയ്യുകയും അവരവരുടെ ശിക്ഷകൾ ലഭിക്കുകയും ചെയ്തു.
റാസൽഖൈമ പോലീസിന്റെ സജീവമായ പരിശ്രമത്തിലൂടെയും അന്വേഷണ വൈദഗ്ധ്യത്തിലൂടെയും സത്യം പുറത്തുകൊണ്ടുവരാനും തെറ്റായി ആരോപിക്കപ്പെട്ട ബിസിനസ് പങ്കാളിയ്ക്ക് നീതി ലഭ്യമാക്കാനും കഴിഞ്ഞു.