ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഡൽഹിയിൽ അതീവ ജാഗ്രത നിർദേശം നൽകി. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി. പാകിസ്താൻ ഇന്നലെ രാത്രിയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ ഗേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഏതെങ്കിലും തരത്തിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ, ദുരന്ത നിവാരണ വിഭാഗങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വേണമെങ്കിൽ അധിക സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
ഡൽഹിയിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും സ്ഥലത്തെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി കൂടിക്കാഴ്ചകൾ നടത്തി. ഏത് തരത്തിലുള്ള സാഹചര്യത്തേയും നേരിടാൻ ഡൽഹി പൊലീസ് തയ്യാറാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡൽഹിയിലെ മാളുകൾ, മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ കോളനികൾ, വിമാനത്താവളങ്ങൾ, മറ്റ് തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്.