പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് പരിസരത്ത് പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ 2 കുട്ടികൾ മരിക്കുകയും മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. 12 വയസ്സുള്ള ഇരട്ടകകുട്ടികളായ സോയയും സെയ്നും ആണ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യംവച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ നടന്ന കനത്ത ഷെല്ലാക്രമണത്തിനിടയിൽ ഒരു ഷെൽ പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് തൊട്ടുപിന്നിൽ പതിക്കുകയായിരുന്നു. ഷെല്ലാക്രമണത്തിൽ പൂഞ്ചിലെ ഗുരുദ്വാരയും തകർന്നു. പാകിസ്താൻ പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിടുകയാണെന്നും ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമണം നടത്തിയത്. എന്നാൽ, അത് ഇന്ത്യ ചെയ്തതാണെന്ന തരത്തിൽ വ്യാജപ്രചരണം നടത്തുകയാണ്.