ഇന്ത്യയുടെ മിസൈല്‍ കരുത്ത് ”ബ്രഹ്മോസ്” വാങ്ങാന്‍ വിവിധ രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ.
പാകിസ്ഥാന് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടി ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ 17 രാജ്യങ്ങളാണ് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.
പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ ഡ്രോണ്‍- മിസൈല്‍ ആക്രമണവുമായി പാകിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചു. എന്നാല്‍ കൃത്യതയിലും പ്രഹരശേഷിയിലും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പേടിച്ച് പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ നിന്ന് പിന്‍മാറി വെടിനിര്‍ത്തലിന് തയ്യാറായി.
നിലവില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 2001 ജൂണ്‍ 12 നാണ് ബ്രഹ്മോസ് മിസൈല്‍ ആദ്യമായി രാജ്യം പരീക്ഷിച്ചത്. ഇതിന് ശേഷം നിരവധി അപ്‌ഡേറ്റുകള്‍ ഈ മിസൈല്‍ സാങ്കേതികവിദ്യയില്‍ വരുത്തിയിട്ടുണ്ട്. റഷ്യൻ ഫെഡറേഷന്‍റെ എൻപിഒ മഷിനോസ്‌ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്‌മോസിന് മാക് 3 വേഗത്തില്‍ വരെ കുതിക്കാനാകും. 200-300 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കുന്ന ഈ മിസൈലിന് 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്.
ബ്രഹ്മോസ് വാങ്ങാന്‍ ഇന്ത്യയുമായി ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീന്‍സായിരുന്നു. ഫിലിപ്പീന്‍സിന് ഇന്ത്യ 375 മില്യണ്‍ ഡോളര്‍ കരാറിന്‍റെ ഭാഗമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്‍റീന, വെനസ്വേല, ഈജിപ്‌ത്, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡില്‍-ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.