നാറ്റോ സഖ്യങ്ങൾക്കിടയിലെ വ്യാപാര-പ്രതിരോധ ബന്ധം ഊഷ്മളമാക്കാനുള്ള ട്രംപിന്റെ നയങ്ങളുടെ ഭാഗമായി തുർക്കിക്ക് 304 മില്യൻ ഡോളറിൻ് (ഏകദേശം 260 കോടി രൂപ) മിസൈൽ നൽകാൻ തീരുമാനിച്ച് അമേരിക്ക. ഇതിനായുള്ള കരാറിന് യുഎസ് അംഗീകാരം നൽകി. യുഎസ് കോൺഗ്രസിൻ്റെ പച്ചക്കൊടി കൂടി ലഭിച്ചാൽ ആയുധങ്ങൾ കൈമാറുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഇസ്താംബുളിൽ നടന്ന നാറ്റോ വിദേശകാര്യ സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റുബിയോ എത്തിയപ്പോഴാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
എന്നാൽ അമേരിക്കയില്‍ നിന്നും സ്വന്തമാക്കുന്ന ആയുധങ്ങള്‍ കൂടി തുര്‍ക്കി ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാൻ പാക്കിസ്ഥാന് നൽകുമോ എന്ന ആശങ്കകളും നിരീക്ഷകർ ഉയർത്തുന്നുണ്ട്. 350 ലേറെ ഡ്രോണുകളും മറ്റ് ആയുധങ്ങളും പാക് സൈന്യത്തിന് തുർക്കി നൽകിയെന്നായിരുന്നു വിവിധ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.